തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ അധികാരത്തിലേറി ആറു മാസത്തോളമെത്തുന്പോൾ ബോർഡ്- കോർപറേഷൻ അധ്യക്ഷന്മാർ അടക്കമുള്ള സർക്കാർ പദവികൾ സം ബന്ധിച്ച് യുഡിഎഫിൽ ഏകദേശ ധാരണയായി.
ബോർഡ്- കോർപറേഷനുകളും അർധ ജുഡീഷ്യൽ അധികാരമുള്ള കമ്മിഷനുകളും മറ്റു പദവികളും അടക്കമുള്ള 200ഓളം പദവികളിൽ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിൽ ധാരണയിലെത്തി. ഇതിൽ ലീഗിന് 32 അധ്യക്ഷസ്ഥാനങ്ങളാണു ലഭിക്കുക.
ബോർഡ്, കോർപറേഷനുകൾ അടങ്ങിയ 102 സ്ഥാപനങ്ങളിൽ കോണ്‍ഗ്രസിന് 60 സ്ഥാപനങ്ങളിൽ അധ്യക്ഷപദവി ലഭിക്കും.
മുസ്ലിം ലീഗിന് 22 എണ്ണമാണ് ധാരണയിലുള്ളത്. കേരള കോണ്‍ഗ്രസ്, ആർഎസ്പി, സിഎംപി എന്നിവ അടക്കമുള്ള മറ്റു ഘടകകക്ഷികൾക്ക് നൽകുന്ന സ്ഥാനങ്ങളുടെ എണ്ണത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ആർഎസ്പിക്കു നാല് സ്ഥാപനങ്ങളിൽ അധ്യക്ഷപദമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. കാപ്പക്സ്, കില, രണ്ട് ക്ഷേമനിധി ബോർഡുകൾ എന്നിവയാണവ. എന്നാൽ, ആർഎസ്പിക്ക് കൂടുതൽ പദവികൾ ആവശ്യപ്പെട്ട് മന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണ്‍ മുഖ്യമന്ത്രിക്കു കത്ത് നൽകി. അസോസിയേറ്റ് അംഗപദവിയിലുള്ള ആർഎംപി, മാണി സി. കാപ്പന്റെ കെഡിപി എന്നിവയ്ക്ക് പദവി നൽകുമോയെന്ന് വ്യക്തമല്ല.
ഏതു പാർട്ടിയാണോ വകുപ്പ് ഭരിക്കുന്നത്, അതിനു കീഴിലുള്ള സ്ഥാപനങ്ങൾ പ്രധാനമായും ആ പാർട്ടിക്ക് എന്നതാണ് പദവി സംബന്ധിച്ച പൊതു മാനദണ്ഡം. എന്നാൽ, കൃത്യമായി ഇതു പാലിക്കാനാകില്ല. മുൻകാലങ്ങളിൽ ഏതു പാർട്ടിയാണോ അവ കൈകാര്യം ചെയ്തത് എന്നതും പരിശോധിക്കുന്നുണ്ട്. അധ്യക്ഷസ്ഥാന വിഭജനത്തിന്റെ പിന്നാലെ സ്ഥാപനങ്ങളുടെ ഭരണസമിതി അംഗങ്ങളെയും ഓരോ കക്ഷിക്കുമായി വിഭജിച്ചു നൽകും.
ആയിരത്തോളം സ്ഥാനങ്ങൾ ഈ വിഭാഗത്തിൽ വരുമെന്നാണ് കണക്കാക്കുന്നത്. ബോർഡ്, കോർപറേഷന് പുറമെ അക്കാദമി, അർധജുഡീഷ്യൽ സ്ഥാപനങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, കമ്മിഷനുകൾ, മിഷനുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായാണ് സ്ഥാപനങ്ങളുള്ളത്.
മുഖ്യമന്ത്രിയെ കണ്ട് മന്ത്രിമാർ, ബോർഡ് വിഭജനം ചർച്ചയായി
തിരുവനന്തപുരം: ജിഎന്‍എ വൈദ്യുതി വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രി വി.ഡി . സതീശനുമായി കൂടിക്കാഴ്ച നടത്തി മന്ത്രിമാരായ രമേശ് ചെന്നിത്തലയും സണ്ണി ജോസഫും.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ബോര്‍ഡ്, കോര്പറേഷന് നിയമന ചര്‍ച്ചകളുടെ ഭാഗമായായിരുന്നു കൂടിക്കാഴ്ച. ജിഎന്‍എ വൈദ്യുതി കരാറുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും ചര്‍ച്ചയായി. കരാര്‍ ഉപേക്ഷിച്ചതോടെ പരസ്യചര്‍ച്ചകള്‍ ഒഴിവാക്കാനാണ് ധാരണ.