തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനത്തിൽ മന്ത്രിസഭയിൽ കടുത്ത ഭിന്നത. മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാണു ദേവസ്വം ബോർഡ് നിയമനത്തിന് അംഗീകാരം നൽകേണ്ടത്.
എന്നാൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടി അറിഞ്ഞ് തയാറാക്കിയ മൂന്നംഗ പട്ടികയിൽ മന്ത്രിമാരായ രമേശ് ചെന്നിത്തല, ബിന്ദു കൃഷ്ണ, എം. ലിജു എന്നിവർ എതിർപ്പു രേഖപ്പെടുത്തി. വകുപ്പു മന്ത്രി കൂടിയായ കെ. മുരളീധരനും പട്ടികയെ സംബന്ധിച്ചു താനറിഞ്ഞില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.
ഗുരുവായൂർ ദേവസ്വം ബോർഡിലേക്കു മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ച പൊതുവിഭാഗത്തിൽ നിന്നുള്ള രണ്ടു പേരും നായർ സമുദായത്തിൽപ്പെട്ടവരാണ്. ജീവനക്കാരുടെ പ്രതിനിധിയായി നിർദേശിക്കപ്പെട്ടയാൾ മാത്രമാണ് ഈഴവസമുദായത്തിൽ നിന്നുള്ളത്.
പൊതുവിഭാഗത്തിൽ നിയമിക്കുന്ന രണ്ടുപേരിൽ ഒരാൾ ഈഴവ സമുദായത്തിലുള്ള ആളായിരിക്കണമെന്നു മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. ജീവനക്കാരുടെ പ്രതിനിധിയായി നേരത്തേ ബോർഡിൽ അംഗമായിരുന്ന വ്യക്തിയെ നിയമിക്കാനാണ് മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. രണ്ടു മന്ത്രിമാരുടെയും ആവശ്യം പരിഗണിച്ചിട്ടില്ല.
എന്നാൽ കഴിഞ്ഞ സർക്കാരാണു ചെയർമാനേയും ബോർഡ് അംഗങ്ങളെയും നിയമിച്ചത്. ഇവർക്ക് ഇനി ഒരു വർഷവും കൂടി കാലാവധിയുണ്ട്. അതുകൊണ്ടുതന്നെ മന്ത്രിമാരുടെ ആവശ്യം ചർച്ച ചെയ്യാമെന്ന നിലപാടിലാണു മുഖ്യമന്ത്രി.