തിരുവനന്തപുരം: സംസ്ഥാന സർക്കാരിലെ ബോർഡ്-കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളുടെ വിഭജനത്തെച്ചൊല്ലി യുഡിഎഫിലെ ഘടകകക്ഷികൾക്കിടയിലും കടുത്ത അതൃപ്തി പുകയുന്നു.മുസ്ലിം ലീഗിന് അമിത പരിഗണന ലഭിക്കുമ്പോൾ തങ്ങളെ അവഗണിക്കുന്നു എന്നാണ് മറ്റുഘടകകക്ഷികളുടെ പ്രധാന പരാതി.
ബോര്‍ഡ്- കോര്പറേഷന് നിയമനങ്ങള്‍ അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിലാണ് ഘടകകക്ഷികള്‍ അതൃപ്തി പരസ്യമാക്കിയത്. യുഡിഎഫിലെ പ്രധാന ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ്, ആര്‍എസ്പി ഉള്‍പ്പടെ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചതുകൂടാതെ പരസ്യപ്രതിഷേധത്തിനും തയാറായിട്ടുണ്ട്. മന്ത്രിമാരായ മോൻസ് ജോസഫും ഷിബു ബേബി ജോണും പരസ്യപ്രതികരണത്തിലേക്കു കടന്നതും പാർട്ടി അവഗണിക്കപ്പെടുന്ന സ്ഥിതിയിലെത്തിയപ്പോഴാണ്.
മാണി സി. കാപ്പന് കാബിനറ്റ് പദവിയോടുകൂടിയ നോർക്ക വൈസ് ചെയർമാൻ സ്ഥാനം നൽകാമെന്നു മുന്നണിയിൽ നേരത്തേ ധാരണയായിരുന്നു. എന്നാൽ, അദ്ദേഹത്തിനെതിരേ ഉയർന്നുവന്ന ചില കേസുകളുടെ പേരിൽ നിയമനം നീണ്ടുപോകുകയാണ്. ഇതിൽ മാണി സി. കാപ്പനും അതൃപ്തിയുണ്ട്.
തെരഞ്ഞെടുപ്പിനുമുന്പേ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിനു വാഗ്ദാനംചെയ്ത പദവി നൽകാൻ കോൺഗ്രസ് തയാറായിട്ടില്ലെന്നതും അമർഷത്തിനു ആക്കംകൂട്ടുന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട പദവിയോ വയോജന കമ്മിഷൻ അധ്യക്ഷസ്ഥാനമോ വേണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചിട്ടുണ്ട്. 15 സ്ഥാപനങ്ങളുടെ അധ്യക്ഷപദവി ആവശ്യപ്പെട്ട കേരള കോൺഗ്രസിന് ഏഴുസ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കുറഞ്ഞത് പത്തു പദവികളെങ്കിലും വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പാർട്ടി.
ആർഎസ്പിക്ക് കാപ്പെക്സ്, കില, രണ്ട് ക്ഷേമനിധികൾ ഉള്‍പ്പടെ നാല് അധ്യക്ഷ പദവികളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, മുൻകാലങ്ങളിൽ ഒമ്പത് സ്ഥാനങ്ങൾ വരെ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. നിയമസഭയിൽ പ്രാതിനിധ്യവും മന്ത്രിസ്ഥാനവുമുള്ള തങ്ങൾക്ക് വെറും നാല് സ്ഥാനങ്ങൾ മാത്രമാണ് വാഗ്ദാനം ചെയ്തിട്ടുള്ളതെന്ന് ആർഎസ്പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മുന്നണി യോഗങ്ങൾ കൃത്യമായി ചേരുന്നില്ലെന്നും ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ വേദിയില്ലെന്നും മുതിർന്ന നേതാവ് എ.എ. അസീസ് പരസ്യമായി വിമർശിച്ചു കഴിഞ്ഞു.
പ്രാഥമിക ധാരണ പ്രകാരം 32 മുതൽ 35വരെ ബോർഡ്-കോർപറേഷൻ പദവികളാണ് മുസ്ലിം ലീഗിന് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ലീഗ് മാത്രമാണ് നിലവിൽ തൃപ്തരായിട്ടുള്ളതെന്നും കോൺഗ്രസും അവഗണിക്കപ്പെടുകയാണെന്നും പാർട്ടിക്കുള്ളിൽ വിമർശനം ഉയരുന്നുണ്ട്.
ഘടകകക്ഷികൾക്ക് ഇത്രയധികം സ്ഥാനങ്ങൾ നൽകാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സംയുക്ത കേരള കോൺഗ്രസിന് 10 സ്ഥാനങ്ങളാണ് നൽകിയിരുന്നത്. നിലവിൽ മാണി വിഭാഗം മുന്നണിയിലില്ലാത്തതിനാൽ ജോസഫ് വിഭാഗത്തിന് ഏഴു സ്ഥാനങ്ങൾ വരെ നൽകാനേ സാധിക്കൂ എന്നാണ് കോൺഗ്രസ് നിലപാട്.