അലാസ്ക (അമേരിക്ക): അതിശൈത്യം നിറഞ്ഞ അലാസ്കയിലെ ബെറിംഗ് കടലിൽ തലകീഴായി മറിഞ്ഞ ബോട്ടിനു മുകളിൽ 72 മണിക്കൂറോളം മുറുകെപ്പിടിച്ചു കിടന്ന് മരണത്തോടു പൊരുതിയ 15കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.
സെന്റ് ലോറൻസ് ദ്വീപ് സ്വദേശിയായ ഡെറക് പാർക്കർ അഗ്നാങ്ക എന്ന കുട്ടിയാണു രക്ഷപ്പെട്ടത്. അപകടത്തിൽ കുട്ടിയുടെ ജ്യേഷ്ഠനും അടുത്ത ബന്ധുവും മരിച്ചു.
കഴിഞ്ഞ നാലിനാണ് മൂവർസംഘം പടിഞ്ഞാറൻ അലാസ്കയിലെ സെന്റ് ലോറൻസ് ദ്വീപിൽനിന്ന് 18 അടി നീളമുള്ള ചെറിയ മീൻപിടിത്ത ഗ്ലാസ് ഫൈബർ ബോട്ടിൽ കടലിലേക്കു പോയത്. ആറിന് ഉച്ചയോടെ ഇവർ തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ സമയമായിട്ടും എത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ യുഎസ് കോസ്റ്റ് ഗാർഡ് വിപുലമായ തെരച്ചിൽ ആരംഭിച്ചു.
ഏഴിനു രാവിലെയോടെയാണ് മറിഞ്ഞുകിടക്കുന്ന ബോട്ടിനു മുകളിൽ ഇരിക്കുന്ന കുട്ടിയെ കോസ്റ്റ് ഗാർഡ് എയർക്രൂ സംഘം കണ്ടെത്തുന്നത്. തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റൊരു യാനത്തില് കുട്ടിയെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ദുരന്തത്തിൽ മരിച്ച മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങളും ഈ ബോട്ടിൽനിന്നു കണ്ടെത്തി.
തണുത്തുറഞ്ഞ കടൽക്കാറ്റിലും 10 ഡിഗ്രി സെൽഷ്യസ് തണുപ്പുള്ള വെള്ളത്തിലും ധൈര്യം കൈവിടാതെ കുട്ടി ബോട്ടിന് മുകളിൽ ഉറച്ചുനിൽക്കുകയായിരുന്നു.
കടുത്ത തണുപ്പ് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ട കുട്ടി നിലവിൽ വീട്ടിൽ വിശ്രമത്തിലാണ്. സെന്റ് ലോറൻസ് ദ്വീപിലെ സൈബീരിയൻ യൂപീക് ഗോത്രവർഗ വിഭാഗത്തിൽപ്പെട്ടവരാണ് ഈ കുടുംബം.