പാലക്കാട്: മലന്പുഴ ഡാമിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം തിരൂർ പരിയാപുരം ചെക്കുമാരകത്തിൽ സലീമിന്റെ മകൻ ഷെമിൽ (22) ആണ് മരിച്ചത്.
പാലക്കാട് എരട്ടയാലിലെ സ്വകാര്യ ഫാർമസി കോളജിലെ വിദ്യാർഥിയായ ഷെമിലും കൂട്ടുകാരും ചൊവ്വാഴ്ച വൈകുന്നേരം ഡാമിൽ കുളിക്കാനായി എത്തിയതായിരുന്നു. ഡാമിലെ വൃഷ്ടിപ്രദേശത്തെ കടുവാച്ചാൽ ഭാഗത്താണ് ഷെമിൽ ഉൾപ്പെടുന്ന എട്ടംഗസംഘം ഇറങ്ങിയത്. ചെളിയും മണൽ വാരിയതുമൂലമുണ്ടായ കുഴികളുമുള്ള പ്രദേശത്താണ് ഷെമിൽ അകപ്പെട്ടത്. നീന്തലറിയാവുന്ന ഷെമിൽ ഏറെദൂരം മുന്നോട്ടുപോയതും ചുഴിയിൽ അകപ്പെട്ടതുമാവാം മുങ്ങിത്താഴാൻ ഇടയാക്കിയതെന്നാണ് നിഗമനം.
ഷെമിലിനെ കാണാതായതിനെതുടർന്ന് കഞ്ചിക്കോട്ടെയും പാലക്കാട്ടെയും ഫയർഫോഴ്സ് സ്കൂബാ സംഘം തെരച്ചിൽ നടത്തിയെങ്കിലും പ്രതികൂലകാലാവസ്ഥയെതുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു. ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലേക്കു കൊണ്ടുപോയി.