മീററ്റ്: ഉത്തർപ്രദേശിലെ ബാഗപത് ജില്ലയിൽ പടക്കം പൊട്ടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയുലുണ്ടായ വെടിവയ്പ്പിൽ രാഷ്ട്രപതിയുടെ അംഗരക്ഷകന് ഗുരുതര പരിക്ക്. രാഷ്ട്രപതി ഭവനിലെ കുതിരപ്പട വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന സൗരഭ് തോമറിനാണ് (26) വെടിയേറ്റത്. ദീപാവലി ആഘോഷിക്കാനായി അവധിയിൽ നാട്ടിലെത്തിയതായിരുന്നു ജവാൻ. മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.
വീടിന് പുറത്ത് സഹോദരങ്ങൾക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെ അയൽക്കാരായ ധീരജ്, മോനു എന്നിവരുമായി വാക്കുതർക്കമുണ്ടായത്. തർക്കം രൂക്ഷമായതിനെ തുടർന്ന് പ്രതിയായ ധീരജ് തോക്ക് ഉപയോഗിച്ച് സൗരഭിന് നേരെ വെടിയുതിർക്കുകയായിരുന്നു. ചുമരിൽ തട്ടിത്തെറിച്ച വെടിയുണ്ട സൗരഭിന്റെ തലയുടെ പിന്നിലായി തുളച്ചുകയറുകയായിരുന്നു.
ഉടൻതന്നെ അദ്ദേഹത്തെ ബറോത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും തുടർന്ന് മീററ്റിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ തലയിൽനിന്നും വെടിയുണ്ട പുറത്തെടുത്തു.
2021-ലാണ് സൗരഭ് കരസേനയിൽ ചേരുന്നത്. കരസേനയിലെ പ്രധാന വിഭാഗങ്ങളിലൊന്നായ രാഷ്ട്രപതി ഭവനിലെ അംഗരക്ഷക സേനയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അയൽക്കാരായ ഇരു കുടുംബങ്ങളും തമ്മിൽ മുൻകാലങ്ങളിൽ പറയത്തക്ക ഭിന്നതകളൊന്നുമില്ലായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.