ബംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാനിരുന്ന ബംഗളൂരു-അഹമ്മദാബാദ് ഇൻഡിഗോ വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി എട്ടിന് ബംഗളൂരുവിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ 6ഇ-6423 വിമാനത്തിലാണ് സംഭവം നടന്നത്.
രാത്രി ഏഴരയോടെ വിമാനത്തിലെ ശുചിമുറിയിൽ നിന്ന് ജീവനക്കാർക്കാണ് കൈകൊണ്ടെഴുതിയ കുറിപ്പ് ലഭിക്കുന്നത്. 'ദയവായി പോകരുത്, ബോംബ് ഉണ്ട്!' എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്.
ജീവനക്കാർ വിവരം സുരക്ഷാ ഏജൻസികളെ അറിയിച്ചു. ഇതേതുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി മാറ്റിയ ശേഷം ബോംബ് സ്ക്വാഡും സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിൽ വിശദമായ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായ യാതൊന്നും കണ്ടെത്താനായില്ല.
ഈ ഭീഷണി യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയെ ബാധിക്കുന്ന ആശങ്കകൾക്ക് കാരണമായെന്നും സർവീസിനെ സാരമായി തടസപ്പെടുത്തിയെന്നും കാണിച്ച് ഇൻഡിഗോ അധികൃതർ പോലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഈ വ്യാജ ഭീഷണിക്ക് പിന്നിൽ പ്രവർത്തിച്ചയാളെ കണ്ടെത്താനും അതിന്റെ പിന്നിലെ ലക്ഷ്യം വ്യക്തമാക്കാനുമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.