വിയറ്റ്നാമിലെ ഹോ ചിമിൻ സിറ്റിയിലുള്ള ബോംബെ ബൈറ്റ്സ് എന്ന ഇന്ത്യൻ റെസ്റ്റോറന്റിൽ ഒരു കുടുംബം അക്രമം അഴിച്ചുവിട്ടതായി പരാതി. ഡൈനിംഗ് ഏരിയയിൽ ഇരുന്ന് കുട്ടി ടിഷ്യൂ പേപ്പറുകൾ വലിച്ചെറിഞ്ഞത് ജീവനക്കാർ ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്.
കുട്ടിയുടെ പ്രവൃത്തി വിലക്കാൻ ജീവനക്കാർ മാന്യമായി ആവശ്യപ്പെട്ടെങ്കിലും പ്രകോപിതനായ പിതാവ് മേശപ്പുറത്തിരുന്ന സാധനങ്ങൾ നിലത്തേക്ക് തല്ലിത്തകർക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാൻ മുതിരുകയും ചെയ്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റെസ്റ്റോറന്റ് ഉടമയായ ഐശ്വര്യ ഖന്ന സിംഗ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. പണവും സ്വാധീനവുമുള്ളവർ അടിസ്ഥാന മര്യാദകൾ മറക്കരുതെന്നും, റെസ്റ്റോറന്റുകൾ കളിക്കളങ്ങളല്ലെന്നും അവർ ഓർമ്മിപ്പിച്ചു. ആതിഥ്യമര്യാദ തങ്ങളുടെ ജോലിയാണെങ്കിലും മാന്യമായ പെരുമാറ്റം എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നു.