കൈ വഴുതി എന്തെങ്കിലുമൊക്കെ നിലത്ത് വീഴുമ്പോള്‍ തനിനാടന്‍ പ്രയോഗത്തിലൂടെ ആളുകള്‍ ഇങ്ങനെ ചോദിക്കാറുണ്ട്; എന്താ നിന്റെ കൈക്ക് എല്ലില്ലേ..? അതെ, ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് കളിക്കുന്ന, രണ്ടുമാസത്തിനിടെ ലക്ഷങ്ങളും കോടികളും പ്രതിഫലം കൈപ്പറ്റുന്ന ചില കളിക്കാരോടും ആരാധകര്‍ക്ക് ഇതേ ചോദ്യം; താങ്കളുടെ കൈക്ക് എല്ലില്ലേ, കൈ മുഴുവന്‍ ചോരുവാണല്ലോ..?
ഇത്തരം ചര്‍ച്ചയ്ക്കു കാരണം, ഐപിഎല്‍ 2026 സീസണില്‍ ക്യാച്ച് കാര്യക്ഷമതയില്‍ താരങ്ങളുടെ പിന്നോട്ടുപോക്കാണ്. 19-ാം സീസണ് ഐപിഎല്ലില്‍ ഏറ്റവും മോശം ക്യാച്ചിംഗ് കാര്യക്ഷമതയുള്ള ടീം ചെന്നൈ സൂപ്പര്‍ കിംഗ്സാണ്. 71.43 ശതമാനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാച്ച് കാര്യക്ഷമത.
തൊട്ടുമുകളിലുള്ള ടീം പഞ്ചാബ് കിംഗ്സ് ആണ്. 2026 സീസണില്‍ പഞ്ചാബ് കിംഗ്സിന് ലഭിച്ച 56 ക്യാച്ച് ചാന്‍സില്‍ 16ഉം അവര്‍ നിലത്തിട്ടു. ആദ്യ ഏഴ് മത്സരങ്ങളില്‍ തോല്‍വി അറിയാതിരുന്ന പഞ്ചാബ്, അവസാനം കളിച്ച മൂന്നു മത്സരത്തിലും പരാജയപ്പെട്ട് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവന്നതിന്റെ പ്രധാന കാരണം ക്യാച്ചുകള്‍ നിലത്തട്ടതാണ്.
പഞ്ചാബ് കിംഗ്സ് 33 റണ്‍സിനു തോറ്റ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇഷാന് കിഷനെയും ഹെന്റിച്ച് ക്ലാസനെയും മൂന്നു തവണ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടു.
എന്നാലും ശശാങ്കേ...
2026 ഐപിഎല്ലില്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുന്നത് നിത്യസംഭവമാക്കി മാറ്റിയിരിക്കുന്നത് പഞ്ചാബിന്റെ ശശാങ്ക് സിംഗ് ആണ്. ശശാങ്ക് ഉള്ളിടത്തേക്ക് പന്ത് എത്തുകയാണെന്നാണ് കോച്ച് റിക്കി പോണ്ടിംഗ് പോലും പറഞ്ഞത്. പഞ്ചാബ് പരാജയപ്പെട്ട അവസാന മൂന്നു മത്സരങ്ങളിലായി അഞ്ച് ക്യാച്ച് ശശാങ്ക് സിംഗ് നിലത്തിട്ടു.