ഭോപ്പാൽ: മധ്യപ്രദേശിൽ വാഹനാപകടത്തെത്തുടർന്നുണ്ടായ തർക്കത്തിനു പിന്നാലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് കാറിന്റെ ബോണറ്റിൽ കിടത്തി ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു. ഗ്വാളിയോറിലാണ് സംഭവം.
കല്യാൺ കിഷോർ കാന്ത് ശർമ എന്നയാളെയും കൊണ്ടാണ് കാർ പാഞ്ഞത്. കല്യാൺ ബന്ധു അദ്വേഷ് ശർമയോടൊപ്പം ഭിന്ദ് റോഡിലെ ഒരു ഹോട്ടലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കല്യാണിന്റെ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു.
തുടർന്ന് കാറിലുണ്ടായിരുന്ന രണ്ടു യുവാക്കൾ അദ്ദേഹത്തോട് തർക്കിക്കുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്തു. സംഭവസ്ഥലത്ത് നാട്ടുകാർ തടിച്ചുകൂടിയപ്പോൾ അക്രമികൾ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ കല്യാൺ ഇവരെ തടയാൻ ശ്രമിക്കുമ്പോഴായിരുന്നു ഇദ്ദേഹത്തെ ഇടിച്ചിട്ട് കാറിന്റെ ബോണറ്റിൽ കിടത്തി കാർ പാഞ്ഞത്. ഒരു കിലോമീറ്ററോളം വലിച്ചിഴച്ച ശേഷം അദ്ദേഹത്തെ റോഡിലേക്ക് തള്ളിയിട്ട് യുവാക്കൾ ഓടി രക്ഷപ്പെട്ടു.
പരിക്കേറ്റ കല്യാൺ ഉടൻ തന്നെ പോലീസിൽ പരാതിപ്പെട്ടിരുന്നു. പ്രതികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തെന്നും രണ്ടാമനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.