ന്യൂജഴ്സി: ലോക റിക്കാർഡുകളിൽ ഇടംപിടിച്ച് നാല് വയസുകാരൻ അദ്വൈത് ജെയിൻ. ന്യൂജേഴ്സിയിലെ സൗത്ത് ബ്രൺസ്വിക്കിൽ നിന്നുള്ള അദ്വൈത്, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുസ്തക രചയിതാവെന്ന നേട്ടമാണ് സ്വന്തമാക്കിയത്.
"പാണ്ഡ പബ്ലിഷിംഗ് ഏജൻസി' വഴി ഈ വർഷം ആദ്യം തന്റെ പുസ്തകം പ്രസിദ്ധീകരിക്കുമ്പോൾ വെറും മൂന്ന് വയസു 345 ദിവസവുമായിരുന്നു അദ്വൈതിന്റെ പ്രായം. "ഡീനോ ലേൺസ് നോട്ട് ടു വേസ്റ്റ് ഫുഡ്' എന്നാണ് പുസ്തകത്തിന്റെ പേര്.
പുസ്തകത്തിന്റെ പശ്ചാത്തലം
പുതിയ പ്രീസ്കൂളിൽ ചേർന്നപ്പോൾ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുപോകാൻ അനുവാദമില്ലാതിരുന്ന അദ്വൈതിന്റെ സ്വന്തം അനുഭവങ്ങളാണ് ഈ പുസ്തകത്തിന് ആധാരം. ഭക്ഷണ പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യമാണ് പുസ്തകത്തിലെ പ്രധാന കഥാപാത്രമായ ഡീനോയിലൂടെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നത്.
ചുവരുകളിൽ വരച്ചുതുടങ്ങിയ ലളിതമായ ചിത്രങ്ങളിലൂടെയാണ് അദ്വൈത് തന്റെ കഥ പറയൽ ശേഷി പ്രകടിപ്പിച്ചത്. മകന്റെ ആശയങ്ങളും ചിത്രങ്ങളും ചുരുക്കക്കഥകളാക്കാൻ മാതാപിതാക്കളായ നീരജ് കുമാറും സോണൽ ബൻസാലും മികച്ച പിന്തുണ നൽകി. 2025 ജൂലൈയിൽ തുടങ്ങിയ പ്രവർത്തനങ്ങൾ 10 മാസം കൊണ്ടാണ് പൂർത്തിയായത്.
ലോകമെമ്പാടും ഇതിനോടകം 1,300-ലധികം കോപ്പികൾ വിറ്റഴിഞ്ഞതായും വിൽപ്പന പുരോഗമിക്കുന്നതായും അദ്വൈതിന്റെ പിതാവ് നീരജ് കുമാർ പറഞ്ഞു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ ജനറൽ ബിനയ ശ്രീകാന്ത പ്രധാൻ അദ്വൈതിനെ നേരിട്ട് ഓഫീസിൽ വരുത്തി ആദരിച്ചു.
അദ്വൈതിന്റെ 12 വയസുകാരിയായ സഹോദരി അവ്യയും എഴുത്തുകാരിയും ചിത്രകാരിയുമാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്. ദി കോൾ ഓഫ് ദി നെതർ ആണ് അവ്യയുടെ പുസ്തകം.
നിലവിൽ ഡീനോയുടെ പുതിയ പാഠങ്ങളുമായി അടുത്ത ഭാഗം എഴുതുന്ന തിരക്കിലാണ് കൊച്ചുകലാകാരനായ അദ്വൈത്.