റോം: ലോക ഫുട്ബോളിനെ തന്റെ മാന്ത്രിക നീക്കങ്ങൾകൊണ്ടു വിസ്മയിപ്പിച്ച ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോ വീണ്ടും മത്സര ഫുട്ബോളിലേക്ക് തിരിച്ചെത്തുന്നു. 11 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷമാണ് 46കാരനായ താരം വീണ്ടും ബൂട്ടണിയുന്നത്. ഇറ്റാലിയൻ ക്ലബ്ബായ ‘റാവെന്ന’യ്ക്കുവേണ്ടിയാണ് റൊണാൾഡീഞ്ഞോ കളത്തിലിറങ്ങുക.
റാവെന്നയുമായുള്ള റൊണാൾഡീഞ്ഞോയുടെ ഈ തിരിച്ചുവരവിന് സവിശേഷതകൾ ഏറെയാണ്. ക്ലബ്ബിൽ രണ്ടു റോളുകളിലായിരിക്കും താരം ഉണ്ടാകുക-കളിക്കാരനായും ക്ലബ്ബിന്റെ ഓഹരി ഉടമയായും. കഴിഞ്ഞ ജൂണിൽ ക്ലബ്ബുമായി കരാറിലേർപ്പെട്ട റൊണാൾഡീഞ്ഞോ തുടർന്ന് സുഹൃത്ത് ഇഗ്നാസിയോ സിപ്രിയാനിയുടെ ഉടമസ്ഥതയിലുള്ള ഈ ടീമിൽ ഓഹരി പങ്കാളിത്തവും സ്വന്തമാക്കുകയായിരുന്നു.
2015 സെപ്റ്റംബറിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനെൻസിനുവേണ്ടി കളിച്ചതിനുശേഷം ആദ്യമായാണ് റൊണാൾഡീഞ്ഞോ ഒരു മത്സരത്തിനായി മൈതാനത്തിറങ്ങുന്നത്. 2018ൽ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഫുട്ബോൾ ലോകത്തെ ഏറ്റവും ആകർഷകമായ ശൈലിക്ക് ഉടമയായ താരം വീണ്ടും കളത്തിലേക്ക് വരുന്നുവെന്ന വാർത്ത ആരാധകർക്കിടയിൽ വലിയ ആവേശമാണു സൃഷ്ടിച്ചിരിക്കുന്നത്.
300-ാം ഗോൾ, ചരിത്രനേട്ടം ലക്ഷ്യം
തന്റെ പ്രഫഷണൽ കരിയറിലെ അപൂർവമായ ഒരു നാഴികക്കല്ല് സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് റൊണാൾഡീഞ്ഞോയ്ക്ക് ഈ തിരിച്ചുവരവ്. കരിയറിൽ 299 ഗോളുകൾ നേടിയ ശേഷമാണു താരം കളിക്കളത്തോട് വിടപറഞ്ഞത്. അതിനാൽ, വരാനിരിക്കുന്ന മത്സരത്തിലൂടെ തന്റെ കരിയറിലെ 300-ാം ഗോൾ എന്ന സ്വപ്നനേട്ടം തികയ്ക്കാനാകും ബ്രസീലിയൻ ഇതിഹാസം ലക്ഷ്യമിടുന്നത്.
15ന് സ്റ്റേഡിയോ ബ്രൂണോ ബെനെല്ലിയിൽ ഫോർലി എഫ്സിക്കെതിരേ നടക്കുന്ന റാവെന്നയുടെ ഡെർബി പോരാട്ടമായിരിക്കും റൊണാൾഡീഞ്ഞോയുടെ തിരിച്ചുവരവിന് വേദിയാകുക. ലോകശ്രദ്ധ മുഴുവൻ തങ്ങളുടെ സ്റ്റേഡിയത്തിലേക്കു തിരിയുന്ന നിമിഷമായിരിക്കും ഇതെന്ന് ക്ലബ് അധികൃതർ വ്യക്തമാക്കി.
കളിക്കളത്തിലേക്കു മടങ്ങിവരുന്നതിന്റെ ആവേശം റൊണാൾഡീഞ്ഞോയും പങ്കുവച്ചു. പന്തുമായി വീണ്ടും മൈതാനത്തിറങ്ങാനും ക്ലബ്ബിനൊപ്പം പുതിയൊരു ചരിത്രം എഴുതാനും താൻ കാത്തിരിക്കുകയാണെന്ന് കരാർ ഒപ്പിട്ടശേഷം അദ്ദേഹം പറഞ്ഞു. ഫുട്ബോൾ തനിക്ക് എപ്പോഴും സന്തോഷത്തിന്റെ ഉറവിടമാണെന്നും ആ ആവേശം റാവെന്നയിലേക്കും കൊണ്ടുവരാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫുട്ബോൾ ലോകത്തെ മാന്ത്രികൻ
2002ൽ ഫിഫ ലോകകപ്പ് നേടിയ ബ്രസീൽ ടീമിലെ നിർണായക അംഗമായിരുന്നു റൊണാൾഡീഞ്ഞോ. ബാഴ്സലോണയിലെ മിന്നും പ്രകടനത്തിനു പിന്നാലെ 2005ൽ ബാലൺ ഡി ഓർ പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. 2000കളുടെ മധ്യത്തിൽ ബാഴ്സലോണയുടെ സുവർണകാലഘട്ടത്തിന് അടിത്തറയിട്ട താരം, ക്ലബ്ബിനൊപ്പം രണ്ട് ലാ ലിഗ കിരീടങ്ങളും 2006ൽ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. പാരീസ് സെന്റ് ജെർമെയ്ൻ, എസി മിലാൻ എന്നീ പ്രമുഖ ക്ലബ്ബുകൾക്കുവേണ്ടിയും അദ്ദേഹം ബൂട്ടണിഞ്ഞു.
തന്റെ തനതായ പുഞ്ചിരിയും അവിശ്വസനീയമായ ഡ്രിബ്ലിംഗ് പാടവവും സർഗാത്മകമായ നീക്കങ്ങളും കൊണ്ടു ഫുട്ബോളിനെ അനായാസമായ ഒരു കലയാക്കി മാറ്റിയ താരമാണു റൊണാൾഡീഞ്ഞോ. ആ പഴയ മാന്ത്രിക നിമിഷങ്ങൾ ഒരിക്കൽകൂടി കാണാനാകുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികള്.