കൂട്ടിക്കൽ: നാടിനെയാകെ ഭീതിയിലാക്കി വീടിനുള്ളിൽ പാചക വാതക സിലിണ്ടർ തുറന്നുവച്ച് യുവാവിന്റെ പരാക്രമം. പോലീസും ഫയർഫോഴ്സുമെത്തി ഏറെ നേരം നടത്തിയ പരിശ്രമത്തിനൊടുവിൽ യുവാവിനെ കീഴ്പ്പെടുത്തി. കൂട്ടിക്കൽ
കരിപ്പായിൽ ഇബ്രാഹിമി (23)നെയാണ് മുണ്ടക്കയം പോലീസ് പിടികൂടിയത്.
നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കൂട്ടിക്കൽ പഴയ പോലീസ് എയ്ഡ് പോസ്റ്റിന് സമീപമുള്ള വീട്ടിലായിരുന്നു സംഭവം. രാവിലെ മുതൽ വീട്ടിൽ ഇബ്രാഹിമും സഹോദരനുമായി കലഹമായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. തുടർന്ന് വീട്ടിലുണ്ടായിരുന്ന ഇബ്രാഹിമിന്റെ അമ്മയും ഇളയ സഹോദരിയും വീടുവിട്ടിറങ്ങി.
ഇതോടെയാണ് യുവാവ് വീടിനുള്ളിലുണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകൾ തുറന്നുവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് മുണ്ടക്കയം പോലീസും കാഞ്ഞിരപ്പള്ളിയിൽനിന്നു ഫയർഫോഴ്സുമെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കഞ്ചാവ് ലഹരിയിലായിരുന്ന ഇബ്രാഹിമിനെ കീഴ്പ്പെടുത്തിയത്. തുടർന്ന് ഇയാളെ പോലീസ് വാഹനത്തിൽ മുണ്ടക്കയം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി ചെളിക്കുഴിക്ക് സമീപം പറത്താനം കവലയിൽ പോലീസ് വാഹനത്തിൽനിന്നു ചാടി രക്ഷപ്പെടുവാൻ ശ്രമം നടത്തി.
റോഡിലേക്ക് വീണ യുവാവിനെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി വീണ്ടും പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പോലീസ് വാഹനത്തിൽനിന്നു ചാടിയതിനെത്തുടർന്ന് യുവാവിന് പരിക്കേറ്റിട്ടുണ്ട്.നാളുകളായി ഇയാൾ കഞ്ചാവിന് അടിമയാണെന്നും പ്രദേശത്ത് പലപ്പോഴും അടിപിടിയും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.