ഇന്ത്യ x ബ്രസീല്‍ സൗഹൃദ ഫുട്ബോളിന് ഇന്ന് കോല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയം വേദിയാകുമ്പോള്‍ ഓര്‍മയില്‍ തെളിയുന്നത് പഴയൊരു പോരാട്ടത്തിന്റെ ഉജ്വല ചിത്രം. ബ്രസീല്‍ ആദ്യമായാണ് ഇന്ത്യയുമായി കാല്‍പ്പന്തു തട്ടുന്നത്.
എന്നാല്‍, ബ്രസീലിലെ പേരുകേട്ട ക്ലബ്ബായ സാവോപോളോ ഫെറോ വിയാറിയ വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെത്തി കളിച്ചിട്ടുണ്ട്. ബലോൺ ദോർ ജേതാവായ കക്ക അടക്കമുള്ള ഒട്ടേറെ താരങ്ങള്‍ കളിച്ചുയര്ന്ന ക്ലബ്ബാണ് സാവോപോളോ എഫ്സി.
2008-ല്‍ കണ്ണൂര്‍ ജഹവര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന നായനാര്‍ സ്മാരക സ്വര്ണക്കപ്പിനുവേണ്ടിയുള്ള ടൂര്‍ണമെന്റില്‍ അന്നത്തെ സന്തോഷ് ട്രോഫി ലക്ഷ്യമാക്കിയുള്ള കേരള ടീമിനെ സജ്ജമാക്കി കേരള ഇലവന് എന്ന പേരില്‍ ടൂര്‍ണമെന്റില്‍ കളിച്ചു. ഉദ്ഘാടന മത്സരത്തില്‍ കേരള ഇലവന്, സാവോപോളോ എഫ്സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു.
32-ാം മിനിറ്റില്‍ സാവോപോളോ എഫ്സിയുടെ സ്ട്രൈക്കര്‍ ജൂസിമര്ലിമയുടെ വകയായിരുന്നു ഗോള്‍. കേരളാ ഗോളി കെ.ടി. നവാസിന്റെ മികച്ച പ്രകടനമാണ് തോൽവി ഒരു ഗോളിലൊതുങ്ങിയത്. “നല്ല ടീമാണ് കേരളത്തിന്റേത്. അവര്‍ നന്നായി കളിച്ചു. പ്രത്യേകിച്ച് ഗോളി. അയാളില്ലെങ്കില്‍ ഇതാകുമായിരുന്നില്ല സ്കോര്‍'’- മത്സരശേഷം സാവോപോളോ ടീം മാനേജര്‍ ഡാനിലോയുടെ വിലയിരുത്തല്‍ ഇതായിരുന്നു.
മലപ്പുറം അരീക്കോട് ചക്കിങ്ങല്‍ സ്വദേശി കോലോത്തൊടി സോക്കര്‍ ഹോമിലെ കെ.ടി. നവാസ് തിരുവനന്തപുരം ടൈറ്റാനിയം ഫുട്ബോള്‍ ടീം താരമാണ്. 20 വര്‍ഷം ക്ലബ്ബിനായി വലകാത്തു. സാവോപോളോയ്ക്കെതിരേ മികച്ച പ്രകടനം നടത്താനായത് തന്റെ ഫുട്ബോള്‍ ജീവിതത്തിലെ അഭിമാന മുഹൂര്‍ത്തമാണെന്ന് നവാസ് പറയുന്നു. വിക്ടര്‍ മഞ്ഞിലയായിരുന്നു കേരളത്തിന്റെ പരിശീലകന്. മത്സരത്തിലെ മികച്ച കളിക്കാന്‍ നവാസായിരുന്നു.