Kerala
കേളകം (കണ്ണൂർ): കേളകം പഞ്ചായത്തിലെ നരിക്കടവിൽ പ്രതിരോധ മതിൽ തകർത്ത് കാട്ടാനകൾ ജനവാസ മേഖലയിലെത്തി. വ്യാഴാഴ്ച രാത്രിയാണ് കാട്ടാനകൾ തങ്ങളെ പ്രതിരോധിക്കാൻ നിർമിച്ച മതിൽ തകർത്ത് ജനവാസ മേഖലയിൽ കടന്നു വെല്ലുവിളി ഉയർത്തിയത്.
ഇതിനു പിന്നാലെ ഇന്നലെത്തന്നെ പഞ്ചായത്തധികൃതരും വനംവകുപ്പും ചേർന്ന് പൊളിച്ച ഭാഗം പുനർനിർമിച്ചു. കഴിഞ്ഞ 15 വർഷത്തിനിടെ ആദ്യമായാണ് കാട്ടാനകൾ മതിൽ തകർത്ത് ജനവാസ മേഖലയിലേക്ക് കടന്നത്.
രണ്ടു കോൺക്രീറ്റ് തൂണുകളെ കോൺക്രീറ്റ് ബീമിനാൽ പണിത നിർമിതിയുടെ മധ്യത്തിലായി കരിങ്കൽ ഭിത്തി കെട്ടിയാണ് ഇവിടെ ആനമതിൽ പണിതത്. ഈ കരിങ്കൽ ഭിത്തി കാട്ടാനക്കൂട്ടം ഇടിച്ചു തകർക്കുകയായിരുന്നു.
തകർത്തിട്ട കരിങ്കല്ലുകൾക്കു മുകളിൽ കയറി ഭിത്തി മറികടന്നാണ് ആനക്കൂട്ടം കടന്നുവന്നത്. നരിക്കടവ് സ്വദേശി തുരുത്തിക്കാട്ടിൽ ജോർജിന്റെ കൃഷിയിടത്തിലെത്തിയ ആനക്കൂട്ടം വാഴ, തെങ്ങ്, കമുക് എന്നീ വിളകൾ നശിപ്പിച്ചു.
ഇതിനു മുന്പ് നാലു തവണ കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തിയിരുന്നെങ്കിലും അതെല്ലാം മതിലിനു സമീപത്തെ മൺതിട്ടയിൽ കയറി മതിൽ മറികടന്നായിരുന്നു. കാട്ടാനകൾ മതിൽ തകർക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ 15 വർഷമായി ആനമതിലിന്റെ സുരക്ഷയിൽ കഴിഞ്ഞുവന്നവർ ഇപ്പോൾ കടുത്ത ഭീതിയിലാണ്.
ആനകൾ പ്രതിരോധമതിൽ നശിപ്പിച്ച വിവരം അറിഞ്ഞ കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് സ്ഥലം സന്ദർശിച്ചു. തുടർന്നു വനംവകുപ്പുമായി ബന്ധപ്പെടുകയും ഇരുവരുടെയും സഹകരണത്തോടെ മതിൽ പുനർനിർമിക്കാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ, സ്ഥിരം സമിതി അംഗം അബ്ദുൽ സലാം, ബ്ലെസി തുരുത്തിക്കാട്ടിൽ, കുര്യൻ തുരുത്തിക്കാട്ടിൽ, സജി മഠത്തിയിൽ തുടങ്ങിയവരും നാട്ടുകാരും വനപാലകരും ചേർന്നാണ് നിർമാണം പൂർത്തീകരിച്ചത്.
ഇവിടെ വൈദ്യുത തൂക്കുവേലി നിർമാണവും ആരംഭിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കി സ്ഥിതിഗതികൾ വിലയിരുത്തും. 30ന് പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Kerala
പാലക്കാട്: പട്ടാമ്പി വാവന്നൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി വാഹനവും സിസിടിവി ക്യാമറകളും തല്ലിത്തകർത്ത സംഭവത്തിലെ പ്രതി പിടിയിൽ. തൃത്താല ഞാങ്ങാട്ടിരി സ്വദേശി കൊഴിക്കാട്ടിൽ വീട്ടിൽ സൻഫീർ ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെയാണ് പ്രതി തെക്കേ വാവനൂരിലെ വീട്ടിൽ അതിക്രമിച്ച് കയറി അക്രമണം നടത്തിയത്. മരപ്പലകയും കല്ലുമായെത്തിയ പ്രതി വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകൾ പൂർണമായും അടിച്ച് തകർത്തു. തുടർന്ന് വീടിന്റെ ജനൽ ചില്ലുകളും തകർത്ത പ്രതി വീട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയും തല്ലി തകർത്തു.
വീട്ടിലെ അംഗത്തോടുള്ള വ്യക്തി വൈരാഗ്യം മൂലമാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് സൂചന. നിലവിൽ സൻഫീറിന്റെ പേരിൽ മോഷണക്കേസ്, ലഹരിക്കേസ് എന്നിങ്ങിങ്ങനെ 15 ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
എസ്ഐ അരവിന്ദാക്ഷൻ , എഎസ്ഐ സുരേഷ്, പോലീസ് സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ റഷീദ്, സൻഫീർ, കമൽ എന്നിവരുൾപ്പട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു.
Movies
സമൂഹ മാധ്യമങ്ങളിൽ നിന്നും ഇടവേളയെടുക്കാൻ തീരുമാനിച്ച് തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടി. സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന് പിന്നാലെയാണ് താരത്തിന്റെ ഈ തീരുമാനം.
അനുഷ്ക ഷെട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ‘ഘാട്ടി’യും ബോക്സ്ഓഫിസിൽ പരാജയമായതോടെയാണ് താരം ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണ് ആരാധകർ പറയുന്നത്. വെറുതെ സ്ക്രോൾ ചെയ്ത് പോകുന്നതിന് പകരം ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുകയാണെന്ന് താരം പറയുന്നു.
‘‘നീലവെളിച്ചം മെഴുകുതിരിവെട്ടത്തിന് വഴിമാറുന്നു. ചുറ്റും കാണുന്ന ലോകവുമായി വീണ്ടും ചേരാൻ, സ്ക്രോൾ ചെയ്യുന്നതിനപ്പുറം എന്റെ ഉത്തരവാദിത്തങ്ങളിലേക്ക് മടങ്ങാൻ, നമ്മളെല്ലാം തുടങ്ങിയ ഇടത്തേക്ക് തിരിച്ചുപോകാൻ, സോഷ്യൽ മീഡിയയിൽ നിന്ന് ഞാൻ കുറച്ചുകാലത്തേക്ക് ഇടവേളയെടുക്കുന്നു. കൂടുതൽ കഥകളും ഒരുപാട് സ്നേഹവുമായി ഞാൻ ഉറപ്പായും തിരിച്ചെത്തും. സദാ പുഞ്ചിരിക്കുക. സ്നേഹത്തോടെ. എന്നെന്നും നിങ്ങളുടെ സ്വന്തം അനുഷ്ക ഷെട്ടി.’’
ഒരു ഇടവേളയ്ക്ക് ശേഷം അനുഷ്ക ഷെട്ടി നായികയായി തിരികെയെത്തിയ ചിത്രമായിരുന്നു ‘ഘാട്ടി’. മഹേഷ് ബാബു സംവിധാനം ചെയ്ത ചിത്രത്തിൽ വിക്രം പ്രഭു ആണ് നായകൻ.
ഈ സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. റിലീസ് ചെയ്ത ആദ്യ ദിനങ്ങളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീട് കളക്ഷനിൽ വലിയ ഇടിവുണ്ടായി.
ഏകദേശം 45 കോടി ബജറ്റിൽ നിർമിച്ച ഈ ചിത്രം, ഒരാഴ്ച കൊണ്ട് ഏഴ് കോടിയിൽ താഴെ മാത്രമാണ് നേടിയത്. ഇതോടെ ‘ഘാട്ടി’ ബോക്സ് ഓഫിസിൽ ഒരു പരാജയമായിമാറി.