നേപ്പാളിലെ ഗോർഖ ജില്ലയിൽ ബുധി ഗന്ധകി നദിയിലുണ്ടായ പെട്ടെന്നുളള വെള്ളപ്പൊക്കം പ്രദേശത്ത് വലിയ ആശങ്ക പരത്തി. ഞായറാഴ്ച പുലർച്ചെയോടെ നദിയിൽ ജലനിരപ്പ് കുത്തനെ ഉയർന്നതിനെത്തുടർന്ന് ശക്തമായ ഒഴുക്കിൽ നിരവധി വീടുകൾ ഒലിച്ചുപോയി.
ആളപായമൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിതമായ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ അധികൃതർ അടിയന്തര നിർദേശം നൽകിയിട്ടുണ്ട്.
പുലർച്ചെ നാല് മണിയോടെയാണ് നദിയിൽ അസാധാരണമായ രീതിയിൽ വെള്ളം പൊങ്ങിയത്. വലിയൊരു ശബ്ദത്തോടെ കുതിച്ചെത്തിയ വെള്ളം നദീതീരവാസികളെ ഭയപ്പെടുത്തി.
ചുമ്നുബ്രി ഗ്രാമീണ നഗരസഭയിലെ സിയുരിബാസിന് മുകളിൽ രൂപപ്പെട്ട മണ്ണിടിച്ചിൽ ചുമ്കെ ഖോല അരുവിയുടെ ഒഴുക്കിനെ തടസപ്പെടുത്തിയിട്ടുണ്ടാകാമെന്നും, പിന്നീട് ഈ താൽക്കാലിക തടയണ തകർന്ന് വൻതോതിൽ വെള്ളം ഇരച്ചെത്തിയതാകാമെന്നുമാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
ചെകംപാർ പ്രദേശത്തും സമാനമായ രീതിയിൽ ഒഴുക്കിന് തടസം നേരിട്ടിരുന്നതായി സംശയിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തിൽ ജഗത് മേഖലയിൽ നദീതീരത്തുണ്ടായിരുന്ന അഞ്ചോ ഏഴോ വീടുകൾ പൂർണമായും തകർന്നുപോയി.
കൂടുതൽ വീടുകൾ അപകടഭീഷണിയിലാണ്. ജഗത് ബസാർ, സല്ലേരി, ചുമ്ലിംഗ്, ലോക്പ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരോട് ജാഗ്രത പാലിക്കാനും നദീതീരങ്ങളിൽ നിന്ന് മാറിനിൽക്കാനും നിർദേശം ലഭിച്ചിട്ടുണ്ട്.
ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫ്ലഡ് ഫോർമാറ്റിംഗ് ഡിവിഷന്റെയും നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ വഴി അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. അരുഘാട്ടിലെ പൊലിസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിച്ച് ജനങ്ങളെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നുണ്ട്.
നാശനഷ്ടങ്ങളുടെ യഥാർഥ ചിത്രം വ്യക്തമാകുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ച് വ്യോമ നിരീക്ഷണം നടത്താൻ അധികൃതർ തയ്യാറെടുക്കുകയാണ്.