മുംബൈ: തുടർച്ചയായ അഞ്ചാം വ്യാപാര ദിനത്തിലും മുന്നേറ്റം തുടർന്ന് രൂപ. യുഎസ് ഡോളറിനെതിരേ 65 പൈസ ഉയർന്ന് 92.67 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
വിദേശ നിക്ഷേപത്തിന്റെ തുടർച്ചയായ ഒഴുക്കും ആഭ്യന്തര ഓഹരിവിപണിയിലെ കുതിപ്പും കരുത്തായതാണ് രൂപയെ ശക്തിപ്പെടുത്തിയത്. ഏഴു മാസത്തിനുശേഷമാണ് രൂപ 93നു മുകളിലുള്ള നിലവാരത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്.
ഡോളറിന്റെ മൂല്യത്തകർച്ചയ്ക്കും യുഎസിലും തായ്വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ വിപണികളിലും എഐ അധിഷ്ഠിത ഓഹരികളിലുണ്ടായ മുന്നേറ്റം മന്ദഗതിയിലായതും കണക്കിലെടുത്ത് വിദേശ സ്ഥാപന നിക്ഷേപകർ ഉയർന്ന ആദായത്തിനായി തുടർച്ചയായ നടത്തുന്ന നിക്ഷേപമാണ് രൂപയ്ക്കു കരുത്തായതെന്ന് ഫോറെക്സ് വ്യാപാരവിദഗ്ധർ അഭിപ്രായപ്പെടുന്നു. ക്രൂഡ് ഓയിൽ വില കുറഞ്ഞതും രൂപയെ ശക്തിപ്പെടുത്തായി ഇവർ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു മാസം വിൽപ്പനക്കായാരിയുന്ന വിദേശ നിക്ഷേപർ നവംബറിൽ ഇതുവരെ 13 വ്യാപാര സെഷനുകളിൽ ഒരു ലക്ഷം കോടി രൂപയ്ക്കു മുകളിലുള്ള നിക്ഷേപം നടത്തി.
ഏറ്റവും പുതിയ നിക്ഷേപ പ്രവാഹത്തോടെ 2026ൽ ഇന്ത്യൻ വിപണിയിൽനിന്നുള്ള വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ പിൻവലിക്കൽ ഏതാനും മാസംമുന്പുണ്ടായിരുന്ന ഏകദേശം മൂന്നു ലക്ഷം കോടി രൂപയിൽനിന്ന് 2.1 ലക്ഷം കോടി രൂപയായി കുറഞ്ഞു.
സെൻസെക്സും നിഫ്റ്റി 50യും മുന്നേറുന്നു
തുടർച്ചയായ രണ്ടാം ദിവസവും പ്രധാന ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിനു മുകളിൽഎത്തി. സെൻസെക്സ് 898 പോയിന്റ് ഉയർന്ന് 83,920ലും നിഫ്റ്റി 286 പോയിന്റ് മുന്നേറി 25,801ലും ക്ലോസ് ചെയ്തു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 92 ഡോളറിലേക്കു താഴ്ന്നു.