ബംഗളൂരു: കർണാടകയിലെ മൈസൂരുവിൽ വിവാഹത്തിന് തൊട്ടുതലേന്ന് പ്രതിശ്രുത വധുവിനെയും മാതാപിതാക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശിവണ്ണ (50), ഭാര്യ നാഗരത്ന (45), മകള്‍ രക്ഷിത (21) എന്നിവരാണ് മരിച്ചത്.
രക്ഷിതയുടെ വിവാഹം തൊട്ടടുത്ത ദിവസം നടക്കാനിരിക്കെയാണ് ദാരുണമായ സംഭവം. ഇതേ ഗ്രാമത്തിൽ തന്നെയുള്ള ഉല്ലാസ് ഗൗഡ എന്ന യുവാവ് രക്ഷിതയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ രക്ഷിതയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതോടെ, ഈ വിവാഹം നടക്കാതിരിക്കാൻ ഉല്ലാസ് ഗൗഡ ശ്രമം തുടങ്ങി. രക്ഷിതയെക്കുറിച്ച് മോശം പ്രചാരണം നടത്തുകയും പ്രതിശ്രുത വരന് ചില ചിത്രങ്ങൾ അയച്ചു കൊടുക്കുകയും ചെയ്തു.
സംഭവ സ്ഥലത്തു നിന്നും പോലീസ് ഒരു കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. മരണത്തിന് ഉത്തരവാദി ഉല്ലാസ് ഗൗഡയാണെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് സൂചന. എന്നാൽ കത്തിലെ പൂർണമായ വിവരം പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. കണ്ടെടുത്ത കുറിപ്പ്, ഡിജിറ്റൽ തെളിവുകൾ, ഫോൺ രേഖകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.