കരുവാരകുണ്ട്: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ മുള്ളറ പുഴയ്ക്ക് കുറുകെ ആര്യാടന് നഗറിലേക്ക് പാലം നിര്‍മിച്ചെങ്കിലും നാട്ടുകാരുടെ ദുരിതത്തിന് പൂര്ണവിരാമമായില്ല. പാലത്തിന് കൈവരികള്‍ സ്ഥാപിക്കാനും ഇരുകരകളിലെയും റോഡുകളുമായി ബന്ധിപ്പിക്കാനുമുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതാണ് യാത്ര തടസപ്പെടുത്തുന്നത്.
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 22 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിര്‍മിച്ചത്. 30-ലേറെ കുടുംബങ്ങള്‍ താമസിക്കുന്ന ആര്യാടന് നഗറിലുള്ളവര്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാന്‍ മുന്‍പ് ആകെയുണ്ടായിരുന്നത് ദ്രവിച്ച തെങ്ങിന്‍തടികള്‍ ചേര്‍ത്തുവച്ച താല്‍ക്കാലിക പാലമായിരുന്നു. മഴക്കാലത്ത് മലവെള്ളപ്പാച്ചിലില്‍ നാട് ഒറ്റപ്പെടുന്നതും പതിവായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ കുടുങ്ങുകയും രാത്രി അഗ്നിരക്ഷാസേനയെത്തി മറുകരയിലെത്തിക്കുകയും ചെയ്ത സംഭവവുമുണ്ടായിട്ടുണ്ട്. ദീര്‍ഘകാലത്തെ ആവശ്യത്തിനൊടുവില്‍ ചെറിയ വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ കഴിയുന്ന രീതിയില്‍ ആറടി വീതിയിലാണ് പുതിയ പാലം നിര്‍മിച്ചത്.
എന്നാല്‍ കൈവരികളില്ലാത്തതും ഇരുവശങ്ങളിലേക്കും റോഡില്ലാത്തതും യാത്രയ്ക്ക് വലിയ ഭീഷണിയാണ്. മഴക്കാലത്ത് നിര്‍മാണ സാമഗ്രികള്‍ എത്തിക്കാനാകാത്തതിനാല്‍ പ്രദേശത്ത് മറ്റ് വികസന പ്രവൃത്തികളും മുടങ്ങിക്കിടക്കുകയാണ്. പാലത്തിന്റെ കൈവരികള്‍ സ്ഥാപിക്കുകയും റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുകയും ചെയ്താലേ പ്രദേശവാസികള്‍ക്ക് ഈ പാലം പൂര്‍ണമായി പ്രയോജനപ്പെടൂ. ഇതിനായി ഉടന്‍ അധിക ഫണ്ട് അനുവദിച്ച് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യം.