ആലപ്പുഴ: മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ തന്നെ ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ജി.സുധാകരൻ എംഎൽഎ. പാലം നിർമാണത്തിന് തുടക്കമിട്ട തനിക്ക് ഉദ്ഘാടനച്ചടങ്ങിലേക്ക് ഒരു ക്ഷണക്കത്ത് പോലും ലഭിച്ചില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പാലം നിർമാണത്തിനായി 80 കോടി രൂപ അനുവദിച്ച് പദ്ധതിക്ക് തുടക്കമിട്ടതെന്ന് ജി. സുധാകരൻ ഓർമിപ്പിച്ചു. എന്നാൽ പാലം ഉദ്ഘാടനച്ചടങ്ങിൽ നിർമാണവുമായി നേരിട്ട് ബന്ധപ്പെട്ടവരിൽ മുൻ എംഎൽഎ എ.എം.ആരിഫ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം കുറിച്ചു.
പാലം യാഥാർഥ്യമാക്കുന്നതിന് പിന്നിലെ പ്രവർത്തനങ്ങളും പ്രയാസങ്ങളും ഇപ്പോഴത്തെ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പൂർണമായി അറിയണമെന്നില്ല. എന്നാൽ ഷാനിമോൾ ഉസ്മാന് ഇക്കാര്യങ്ങൾ നന്നായി അറിയാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പദ്ധതി യാഥാർഥ്യമാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം കുറിച്ചു.