ലണ്ടൻ: ഇറാനെതിരായ ആക്രമണങ്ങൾക്ക് ബ്രിട്ടീഷ് സൈനികതാവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയ്ക്ക് അനുമതി ലഭിച്ചു. വെള്ളിയാഴ്ച ചേർന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കാൻ ഇറാൻ സജ്ജമാക്കിയിട്ടുള്ള മിസൈലുകൾ നശിപ്പിക്കാൻ മാത്രമാണ് അനുമതിയെന്നാണ് ബ്രിട്ടീഷ് വൃത്തങ്ങൾ വിശദീകരിച്ചത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ഡിയേഗോ ഗാർസിയ ദ്വീപിലുള്ള ബ്രിട്ടീഷ്-യുഎസ് സൈനിക താവളത്തിൽനിന്ന് ഇനി ഇറാനു നേർക്ക് ആക്രമണം നടത്താൻ അമേരിക്കയ്ക്കു കഴിയും.
ബ്രിട്ടന്റെ തീരുമാനത്തെ ഇറാൻ വിമർശിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ ബ്രിട്ടീഷുകാരുടെ ജീവൻ അപകടത്തിലാക്കിയെന്ന് ഇറേനിയൻ വിദേശകാര്യമന്ത്രി അരാഗ്ചി പറഞ്ഞു.
ഇറാനെതിരേ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തിൽ പങ്കുചേരാൻ സ്റ്റാർമർ മുന്പ് വിസമ്മതിച്ചിരുന്നതാണ്. പശ്ചിമേഷ്യയിലെ ബ്രിട്ടീഷ് സൈനിക താവളങ്ങളെ ഇറാൻ ആക്രമിച്ചതിനെത്തുടർന്ന് സ്റ്റാർമറിന് മനംമാറ്റമുണ്ടാവുകയായിരുന്നു.