സഞ്ചാരികൾ ഇന്ത്യ സന്ദർശിച്ചു മടങ്ങുമ്പോൾ ഓർമ്മയ്ക്കായി പലവിധ ഉപഹാരങ്ങളും കരകൗശല വസ്തുക്കളും ചിത്രങ്ങളും കൊണ്ടുപോകുന്നത് പതിവാണ്, എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി വേറിട്ടൊരു യാത്രയാനുഭവമാണ് ബ്രിട്ടനിലെ ലിലി, കാലം എന്നീ ദമ്പതികൾ സ്വന്തമാക്കിയത്.
ഇന്ത്യൻ യാത്രയിലുടനീളം തങ്ങളുടെ വണ്ടിയായി ഉപയോഗിച്ച ഒരു ഓട്ടോറിക്ഷയെത്തന്നെയാണ് അവർ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയത്. ഇന്ത്യയിലെ കന്യാകുമാരി മുതൽ താജ്മഹൽ വരെയുള്ള വിവിധ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും 4,218 കിലോമീറ്ററോളമാണ് ഈ ചുവപ്പും കറുപ്പും സ്ട്രൈപ്പുകളുള്ള ഓട്ടോയിൽ ഇവർ യാത്ര ചെയ്തത്.
മുൻവശത്ത് തമാശ രൂപത്തിലുള്ള കണ്ണ് വരച്ച ഈ വാഹനം തമിഴ്നാട്ടിലെ ചെന്നൈ ആർടിഒയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യാത്രയുടെ ഓരോ ഘട്ടത്തിലും ഒപ്പം നിന്ന ഈ വാഹനത്തോട് ഇവർക്ക് തീരാത്ത സ്നേഹം തോന്നുകയും 'ടിമ്മി ദി ടിൻ കാൻ' എന്ന് സ്നേഹത്തോടെ പേരിടുകയുമായിരുന്നു.
മാസങ്ങൾ നീണ്ട ഇന്ത്യ സന്ദർശനത്തിനൊടുവിൽ ബ്രിട്ടനിലേക്ക് തിരിച്ചെത്തിയപ്പോൾ പ്രിയപ്പെട്ട ഓട്ടോ ഇവിടെ ഉപേക്ഷിച്ചു പോകാൻ ദമ്പതികൾക്ക് മനസുവന്നില്ല. തുടർന്ന് കപ്പൽ മാർഗം വലിയൊരു ഷിപ്പിംഗ് കണ്ടെയ്നറിലാക്കി സ്വന്തം നാട്ടിലേക്ക് അയക്കുകയായിരുന്നു. ആറുമാസത്തെ നീണ്ട കാത്തിരിപ്പുകൾക്കും ഒട്ടേറെ കടമ്പകൾക്കും ശേഷമാണ് വാഹനം ബ്രിട്ടണിലെ തുറമുഖത്ത് എത്തിയത്.
എന്നാൽ വാഹനം കൈയിൽ കിട്ടിയെങ്കിലും കസ്റ്റംസ് നിയമങ്ങളും ബ്രിട്ടനിലെ കർശനമായ ഗതാഗത നിബന്ധനകളും കാരണം ഓട്ടോ റോഡിലിറക്കാൻ ഇനിയും ഏറെ പേപ്പർ വർക്കുകൾ പൂർത്തിയാക്കേണ്ടതുണ്ട്. എങ്കിലും സ്വന്തം നാടിന്റെ നിരത്തുകളിലൂടെ പ്രിയപ്പെട്ട വാഹനത്തിൽ യാത്ര തിരിക്കാനുള്ള വലിയ കാത്തിരിപ്പിലാണ് ഇരുവരും.