ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലേബർ പാർട്ടി നേതാവ് ആൻഡി ബേർനാം ചുമതലയേറ്റു. രാജ്യത്ത് പുതിയ രാഷ്ട്രീയ, സാമ്പത്തിക മാതൃക സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി എന്ന നിലയിൽ തന്റെ ആദ്യപ്രസംഗത്തിൽ ബേർനാം പറഞ്ഞു.
കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റങ്ങൾ കൊണ്ടുവരും. രാജ്യത്തിന് ഇതൊരു സർക്യൂട്ട് ഭേദിക്കൽ നിമിഷമാകുമെന്നു താൻ ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തെരുവുകളിൽ കഴിയേണ്ടിവരുന്നവരുടെ (റഫ് സ്ലീപ്പിംഗ്) പ്രശ്നം അവസാനിപ്പിക്കുകയാണു തന്റെ പ്രഥമ പരിഗണനയെന്ന് പറഞ്ഞ ബേർനാം, കൂടുതൽ വീടുകൾ നിർമിക്കുമെന്നും പ്രഖ്യാപിച്ചു. ജനങ്ങളെ നന്നായി ജീവിക്കാൻ ഞങ്ങൾ സഹായിക്കും. ജനങ്ങളുടെ ആരോഗ്യത്തിലും വിജയത്തിലും നിക്ഷേപം നടത്തും. ആ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ബേർനാം പറഞ്ഞു.
നേരത്തേ ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച ബേർനാമിനെ സർക്കാർ രൂപവത്കരിക്കാൻ ഔദ്യോഗികമായി ക്ഷണിച്ചു. തുടർന്നായിരുന്നു അധികാരമേൽക്കൽ ചടങ്ങുകൾ. കീയർ സ്റ്റാമർ രാജിവച്ചതിനു പിന്നാലെയാണു പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്.
ബേർനാമിനു എല്ലാ പിന്തുണയുമുണ്ടാകുമെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ സ്റ്റാർമർ പറഞ്ഞു. അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.