വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സൈന്യം നേരിട്ട ഏറ്റവും വലി ഭീകരാക്രമണങ്ങളിലൊന്നായ ഫോർട്ട് ഹുഡ് വെടിവയ്പു കേസിലെ പ്രതി യുഎസ് കരസേനാ മേജർ നിദാൽ മാലിക് ഹസന് നിശ്ചയിച്ച ഫയറിംഗ് സ്ക്വാഡ് വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും. 1936നു ശേഷമാണ് അമേരിക്കയിൽ പരസ്യ വധശിക്ഷ നടപ്പാക്കുന്നത്. നിലവിൽ ഇറാനിലും താലിബാൻ ഭീകരർ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലുമാണു പരസ്യ വധശിക്ഷകളുള്ളത്.
ഭീകരാക്രമണം അരങ്ങേറിയ ടെക്സസിലെ ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ ഡിസംബർ മൂന്നിനാണ് വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്. അമേരിക്കൻ സേന ഫയറിംഗ് സ്ക്വാഡ് വധശിക്ഷ (തോക്ക് ഉപയോഗിച്ചു വെടിവച്ചു കൊല്ലൽ) നടപ്പാക്കുന്നതും 1945നു ശേഷം ആദ്യമാണ്.
പലസ്തീൻ വംശജനും അമേരിക്കൻ പൗരനും കരസേനയിൽ സൈക്യാട്രിസ്റ്റുമായിരുന്ന നിദാൽ ഹസൻ 2009 നവംബർ അഞ്ചിന് ഫോർട്ട് ഹുഡ് സൈനിക താവളത്തിൽ നടത്തിയ വെടിവയ്പിൽ ഗർഭിണിയായ സൈനിക അടക്കം 13 പേർ കൊല്ലപ്പെടുകയും 33 പേർക്കു പരിക്കേൽക്കുകയും ചെയ്തു.
സൈനികരുടെ ആരോഗ്യപരിശോധനകൾ നടക്കുന്ന മെഡിക്കൽ പ്രോസസിംഗ് സെന്ററിലായിരുന്നു വെടിവയ്പ്. നിദാൽ ഹസനെ സുരക്ഷാഭടന്മാർ വെടിവച്ചു വീഴ്ത്തുകയായിരുന്നു. വെടിയേറ്റ ഇയാളുടെ അരയ്ക്കു താഴെ തളർന്നുപോയി. ഇസ്ലാമിക തീവ്രവാദത്തിൽ ആകൃഷ്ടനായ നിദാൽ ഹസൻ ഇറാക്കിലും അഫ്ഗാനിസ്ഥാനിലും അമേരിക്കൻ സേനയെ വിന്യസിച്ചതിൽ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയത്.
2013ലാണ് സൈനിക കോടതി നിദാലിനു വധശിക്ഷ വിധിച്ചത്. ദീർഘനാളത്തെ അപ്പീൽ നടപടികൾക്കൊടുവിൽ പ്രസിഡന്റ് ട്രംപ് ഈ മാസം വധശിക്ഷയ്ക്ക് അനുമതി നൽകി. അമേരിക്കൻ സൈനികർ മുസ്ലിംകളെ കൊല്ലുന്നതു തടയാനായിരുന്നു വെടിവയ്പെന്ന് ഇയാൾ കോടതിയിൽ സമ്മതിച്ചു. വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യുന്നകാര്യം പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചു.
വെള്ളക്കാരിയെ ബലാത്സംഗം ചെയ്തെന്ന ആരോപണത്തിൽ ആഫ്രിക്കൻ വംശജനെ 1936ൽ തൂക്കിക്കൊന്നതാണ് അമേരിക്കയിൽ ഇതിനു മുന്പ് നിയമാനുസൃതം നടന്ന പരസ്യവധശിക്ഷ. ആയിരങ്ങളാണു വധശിക്ഷ കാണാനെത്തിയത്.