ന്യൂഡൽഹി: ഡൽഹിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ പൊലിസിന്‍റെ ക്രൂരമർദനമുണ്ടായ സംഭവത്തിൽ എ.എ. റഹീം എംപി സുപ്രീംകോടതിയെ സമീപിക്കുന്നു. കൊണാട്ട് പ്ലേസിൽ സമാധാനപരമായ പ്രതിഷേധം നടത്തിയ പ്രവർത്തകരെ നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കുകയും, സിസിടിവി കാമറകളില്ലാത്ത സ്ഥലത്ത് എത്തിച്ച് ലിംഗഭേദമനുസരിച്ച് വേർതിരിച്ച് മറയിട്ട വാഹനത്തിനുള്ളിൽ വെച്ച് ക്രൂരമായി മർദിക്കുകയും ചെയ്തു എന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
മുതിർന്ന അഭിഭാഷക അരുന്ധതി കട്ജു കേസിൽ ഹാജരാകും. ഇന്ത്യൻ ഭരണഘടനയുടെ 32-ാം അനുച്ഛേദപ്രകാരമാണ് ഹർജി നൽകുന്നത്. അറസ്റ്റ് മെമ്മോ തയാറാക്കുകയോ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയോ ചെയ്യാതെ നടത്തിയ ഈ തടങ്കൽ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും, സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
കൂടാതെ, പ്രതിഷേധങ്ങൾക്കിടെയുള്ള തടങ്കലുമായി ബന്ധപ്പെട്ട് കർശനമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധങ്ങളെ നിയമവിരുദ്ധമായി തടഞ്ഞുവയ്ക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ട അതേ ദിവസമാണ് ഈ പൊലിസ് അതിക്രമം നടന്നതെന്നതും ശ്രദ്ധേയമാണ്.