കാക്കനാട്: കാറിന് സൈഡ് നല്‍കാത്തതിന്റെ പേരില്‍ ബൈക്ക് യാത്രികരായ യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ കാപ്പ കേസ് പ്രതി അടക്കം മൂന്നു പേർ പോലീസിന്റെ പിടിയിലായി.
കളമശേരി മൂലേപ്പാടം ഡിന്‍ഡിക്കല്‍ വീട്ടില്‍ ഷെഫിന് (30), കോഴിക്കോട് മേലത്തൂര്‍ തെച്ചറകണ്ടിയില് വീട്ടില്‍ വിബീഷ് (26), എടത്തല കുഞ്ചാട്ടുകര നടുവിക്കല്‍ വീട്ടില്‍ ഫഹദ് (31) എന്നിവരെയാണു കളമശേരി വല്ലാര്‍പാടം കണ്ടയ്നര്‍ റോഡില്‍ നിന്ന് ഇന്നലെ രാവിലെ ഒന്‍പതോടെ അന്വേഷണ സംഘം പിടികൂടിയത്.
ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജംഗ്ഷനു സമീപമാണ് അക്രമം നടന്നത്. ഇതിന് ശേഷം തൃക്കാക്കര ഭാരതമാതാ കോളജിന് സമീപം പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് ടാക്സിയില്‍ കോഴിക്കോടേക്ക് കടക്കുകയായിരുന്നു.
പ്രതികളുടെ സുഹൃത്തുക്കളില്‍നിന്ന് ഇവരുടെ യാത്രയുടെ വിശദവിവരങ്ങള്‍ മനസിലാക്കിയ പോലീസ് കോഴിക്കോട് ഹൈലൈറ്റ് മാളിനു സമീപം പ്രതികളുണ്ടെന്നു അറിഞ്ഞ് അവിടെയെത്തിയെങ്കിലും മൂവരും തിരിച്ച് കൊച്ചിയിലേക്കു കടന്നു.
ഇവര്‍ യാത്ര ചെയ്ത ടാക്സി പിന്തുടര്‍ന്ന അന്വേഷണ സംഘം കളമശേരി വല്ലാര്‍പാടം റോഡിലുള്ള ഡക്കാത്തലന്‍ സ്പോര്‍ട്സ് സെന്ററിനു സമീപത്തു വച്ച് പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. ഷെഫിന് കളമശേരി, ആലുവ, നോര്‍ത്ത് പറവൂര്‍, ഏലൂര്‍ പേലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളിൽ പ്രതിയാണ്. കൂടാതെ 2021ല്‍ കാപ്പ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിട്ടുമുണ്ട്. രണ്ടാം പ്രതി വിബീഷിനെതിരെയും കോഴിക്കോട് വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.
യുവാക്കളെ സംഘം ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യം നവമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ആക്രമണത്തിന്റെ ആഴം അന്വേഷണ സംഘത്തിന് ബോധ്യമായത്. സംഭവം നടന്ന് 24 മണിക്കൂറിനകം മൂന്നു പ്രതികളെയും പോലീസിന് പിടികൂടാനായി. തൃക്കാക്കര ഇന്‍സ്പെക്ടര്‍ പി.എം. വിമോദ്, എസ്ഐമാരായ അനസ്, സഫല്‍ മജീദ്, എ.ടി. മണി, സിപിഒമാരായ ജോണ്‍ ഏബ്രഹാം, വി.എ. ഷിബു. ഗുജ്റാള്സി ദാസ്, പി.കെ. സുജിത് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.