National
ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ യുപിഎ സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കിയതും എസ്ഐആർ വിഷയവും ശക്തമായി ഉന്നയിക്കാൻ ഇന്ത്യ മുന്നണി യോഗത്തിൽ തീരുമാനം.
സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ ചേർന്ന ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിലാണ് ധാരണ.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോണ്ഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയറാം രമേശ്, ഡിഎംകെയുടെ ടി.ആർ. ബാലു, ശിവസേനയുടെ (യുബിടി) അരവിന്ദ് സാവന്ത്, സമാജ്വാദി പാർട്ടിയുടെ ജാവേദ് അലി ഖാൻ, ആർജെഡിയുടെ പ്രേംചന്ദ് ഗുപ്ത, സിപിഎമ്മിൽനിന്ന് ജോണ് ബ്രിട്ടാസ്, ആർഎസ്പിയുടെ എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലും ഈ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടന്നതാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ അംഗീകരിച്ചില്ല.
National
ന്യൂഡൽഹി: രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുള്ള പ്രസംഗത്തിൽ അഴിമതിരഹിത ഭരണം യാഥാർഥ്യമാക്കിയ കേന്ദ്രസർക്കാരിനെ ദ്രൗപതി മുർമു അഭിനന്ദിച്ചു. കഴിഞ്ഞദിവസം ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചും രാഷ്ട്രപതി പരാമർശിച്ചു.
രാജ്യത്തെ ഏകദേശം 95 കോടി പൗരന്മാർക്ക് ഇപ്പോൾ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാണെന്നും മുർമു പറഞ്ഞു. "തന്റെ സർക്കാർ യഥാർഥ സാമൂഹിക നീതി ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണ്," കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 25 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായും അവർ കൂട്ടിച്ചേർത്തു.
സർക്കാരിന്റെ മൂന്നാം ടേമിൽ, ദരിദ്രരെ കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. അഴിമതിയും കുംഭകോണങ്ങളും തടയുന്നതിലും പൊതു ഫണ്ടുകളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിലും സർക്കാർ വിജയിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിനിടെ പുതിയ തൊഴിലുറപ്പ് പദ്ധതിയെ പരാമര്ശിച്ചപ്പോള് പ്രതിപക്ഷം സഭയിൽ ബഹളം വച്ചു. പഴയ പദ്ധതി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രസംഗം തുടങ്ങിയപ്പോള് തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു.
ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ നടത്തുന്ന സേവനങ്ങൾ പരാമർശിച്ചാണ് രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നത്.
National
ന്യൂഡൽഹി: രാജ്യത്തെ വൈദ്യുതിവിതരണ രംഗത്തു വൻ പരിഷ്കാരങ്ങൾ കൊണ്ടുവരുന്ന വൈദ്യുതി ഭേദഗതി ബിൽ വരുന്ന ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ.
വൈദ്യുതി വിതരണ കന്പനികളുടെ (ഡിസ്കോം) നഷ്ടങ്ങൾ നികത്താൻ ചെലവ് പ്രതിഫലിപ്പിക്കുന്ന തീരുവ എന്ന ആശയമുൾപ്പെട്ടിട്ടുള്ള ബില്ല് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര വൈദ്യുതി മന്ത്രി മനോഹർ ലാൽ ഖട്ടർ വ്യക്തമാക്കി. വൈദ്യുതിവിതരണത്തിൽ മത്സരം കൊണ്ടുവരുന്നതും സാന്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതും പല മേഖലകളിലെയും ക്രോസ് സബ്സിഡികൾ ഒഴിവാക്കുന്നതുമായ ബില്ല് സാധാരണക്കാരുടെ വൈദ്യുതിച്ചെലവുകൾ കുറയ്ക്കുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്.
വൈദ്യുതിവിതരണ രംഗത്ത് പല സംസ്ഥാനങ്ങളിലും നിലനിൽക്കുന്ന കുത്തകാവകാശം വൈദ്യുതിവിതരണത്തിൽ മത്സരം കൊണ്ടുവരുന്നതിലൂടെ ഇല്ലാതാകുമെന്നതാണ് ബില്ലിലൂടെ ഉണ്ടാകുന്ന ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരം. ഒരേ വിതരണശൃംഖല ഉപയോഗിച്ചു വിവിധ കന്പനികൾക്ക് ഒരേയിടത്തു പ്രവർത്തിക്കാൻ ബില്ല് അവസരം തുറന്നിടുന്നുണ്ട്. മൊബൈൽ സിം കാർഡുകൾ മാറുന്നതുപോലെ ഉപയോക്താക്കൾക്കു മെച്ചപ്പെട്ട ഗുണനിലവാരവും വിലയും വിലയിരുത്തി തങ്ങളുടെ വിതരണക്കന്പനികളെ തെരഞ്ഞെടുക്കാൻ കഴിയുമെന്നതാണ് ഇതിലൂടെ ഉണ്ടാകുന്ന മാറ്റം.
കേരളം പോലെ കെഎസ്ഇബി എന്ന ഏക വൈദ്യുതി വിതരണക്കന്പനി നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഉപയോക്താക്കൾക്ക് ഒന്നിലധികം ഓപ്ഷനുകൾ നൽകുന്നതാണ് പുതിയ മാറ്റം. എന്നാൽ മത്സരാധിഷ്ഠിത വിപണി പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ പിൻവാതിൽ സ്വകാര്യവത്കരണം നടപ്പിലാക്കാനുള്ളതാണ് കേന്ദ്രത്തിന്റെ നീക്കമെന്നും ഇതിലൂടെ പൊതുമേഖലാ സ്ഥാപനങ്ങൾ തകരുമെന്നും വിമർശിക്കുന്നവരുണ്ട്.
വികസിതരാജ്യങ്ങളേക്കാൾ വ്യവസായ വൈദ്യുതി തീരുവ ഇന്ത്യയിൽ നിലനിൽക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി ക്രോസ് സബ്സിഡികൾ ക്രമേണ ഇല്ലാതാക്കാൻ കേന്ദ്രം ബില്ലിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഉത്പാദന വ്യവസായങ്ങളെയും റെയിൽവേയെയും മെട്രോ റെയിലിനെയും അഞ്ചു വർഷത്തിനകം ക്രോസ് സബ്സിഡികൾ നൽകുന്നതിൽനിന്ന് കേന്ദ്രം ഒഴിവാക്കും.
സാധാരണക്കാർക്കും കർഷകർക്കുമുൾപ്പെടെ സബ്സിഡികൾ കുറഞ്ഞ ചെലവിൽ നൽകാനുദ്ദേശിച്ച് സാമൂഹികസമത്വം ഉറപ്പാക്കുന്നതിനായാണ് വ്യവസായങ്ങൾക്കു ക്രോസ് സബ്സിഡികൾ ചുമത്തുന്നതെങ്കിലും ഒളിഞ്ഞിരിക്കുന്ന ക്രോസ് സബ്സിഡികൾ ഒഴിവാക്കി കർഷകർക്കും സാധാരണക്കാരുമുൾപ്പെടെയുള്ളവർക്ക് സംസ്ഥാനങ്ങൾ അനുവദിക്കുന്ന സബ്സിഡി തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സബ്സിഡികളുടെ ഭാരം പൂർണമായും സംസ്ഥാനങ്ങളുടെ മേൽ ചുമത്തുന്നതാണ് ബില്ലിലെ ഈ വ്യവസ്ഥയെന്ന് പക്ഷേ വിമർശനമുണ്ട്.
വൈദ്യുതി വിതരണ കന്പനിക്കാരുടെ നഷ്ടങ്ങൾ നികത്താൻ ചെലവ് പ്രതിഫലിപ്പിക്കുന്ന തീരുവ എന്ന ആശയവും ബില്ലിൽ ഉൾപ്പെട്ടിട്ടുണ്ട്. സമയബന്ധിതമായി തീരുവകൾ പ്രഖ്യാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളിലെ വൈദ്യുതി നിയന്ത്രണ കമ്മീഷനുകൾക്ക് സാന്പത്തികവർഷം തുടങ്ങുന്നതിനുമുന്പ് സ്വമേധയാ തീരുവ നിർണയിക്കാൻ നിയമം അധികാരം നൽകുന്നുണ്ട്.
പുതിയ തീരുവ അടുത്ത സാന്പത്തികവർഷം മുതൽ പ്രാബല്യത്തിൽ വരുമെന്നതിനാൽ വിതരണരംഗത്ത് ഓരോ വർഷങ്ങളിലുമുണ്ടാകുന്ന വലിയ നഷ്ടങ്ങൾ ഇല്ലാതാക്കാൻ കഴിയുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം 28 മുതൽ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാർച്ച് ഒന്പതു മുതൽ ഏപ്രിൽ രണ്ടു വരെയും നടക്കും. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഞായറാഴ്ച ദിവസമായ ഫെബ്രുവരി ഒന്നിന് രാവിലെ 11ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇക്കാര്യം ദീപിക ഇന്നലെ റിപ്പോർട്ടു ചെയ്തിരുന്നു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച രാത്രി ചേർന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയാണ് (സിസിപിഎ) പാർലമെന്റ് സമ്മേളനത്തിനും ബജറ്റ് അവതരണത്തിനും തീയതികൾ നിർദേശിച്ചത്. കേന്ദ്രമന്ത്രിസഭയുടെ ശിപാർശയോടെ രാഷ്ട്രപതിയാകും പിന്നീട് ഔദ്യോഗികമായി പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടുക.
ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പ്രസംഗത്തോടെയാകും 28ന് തുടക്കമാകുക. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ നയപ്രഖ്യാപനം കൂടിയാകും ഈ വർഷത്തെ ആദ്യ സമ്മേളനത്തിൽ രാഷ്ട്രപതി നടത്തുക. രാജ്യത്തിന്റെ സാന്പത്തിക സ്ഥിതിയുടെ അവലോകനമായ സാന്പത്തിക സർവേ റിപ്പോർട്ട് തൊട്ടടുത്ത ദിവസമായ 29ന് പാർലമെന്റിൽ വയ്ക്കും.
അവധി ദിവസമാണെങ്കിലും 2017 മുതലുള്ള കീഴ്വഴക്കം പാലിച്ച് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ 2026-27 സാന്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുന്പോ, പിന്നീടോ ഞായാറാഴ്ച ബജറ്റ് അവതരിപ്പിച്ചിട്ടില്ല. മുന്പു മൂന്നു തവണ കേന്ദ്രബജറ്റ് ശനിയാഴ്ചകളിൽ അവതരിപ്പിച്ചിട്ടുണ്ട്.
ധനമന്ത്രിയെന്ന നിലയിൽ തുടർച്ചയായ ഒന്പതാമത്തെ കേന്ദ്രബജറ്റാകും ഈ വർഷം നിർമല അവതരിപ്പിക്കുക. ഒന്പതു ബജറ്റ് അവതരിപ്പിച്ച പി. ചിദംബരത്തിന്റെ റിക്കാർഡിനൊപ്പമാകുമിത്. പത്തു ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ പേരിലാണു റിക്കാർഡ്. പ്രണാബ് മുഖർജി എട്ടു തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.