തിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ കൃത്യമായി നടപ്പാക്കാൻ പുതിയ സംവിധാനം കൊണ്ടുവരുമെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് ഇതു നടപ്പാക്കുന്നത്. ഇതിനായി 16 മുതൽ 18 വരെ തിരുവനന്തപുരത്തു വട്ടമേശ സമ്മേളനം വിളിക്കും. അതിൽ വിദഗ്ധരും വകുപ്പ് മേധാവികളും ചേർന്ന് ബജറ്റ് പദ്ധതികൾ നടപ്പാക്കാൻ രൂപരേഖയുണ്ടാക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം രീതി സ്വീകരിക്കുന്നത്.
പദ്ധതി നിർവഹണത്തിന് സെക്രട്ടറിമാരുടെ എംപവേർഡ് കമ്മിറ്റിയുണ്ടാക്കുക, 591 സർക്കാർ സ്ഥാപനങ്ങൾക്കു സമഗ്രമായ അസറ്റ് രജിസ്റ്റർ തയാറാക്കുക, എല്ലാ വകുപ്പുകളും അനുമതി നൽകുന്ന പ്രോജക്ടുകൾ ജിയോ ടാഗ് ചെയ്യുക. നിലവിലുള്ള പ്ലാൻ സ്പേസ് 2.0 പ്ലാറ്റ്ഫോം കൂടുതൽ വിപുലീകരിക്കുക തുടങ്ങിയ തീരുമാനങ്ങൾ എടുത്തിരുന്നു. സമാനമായ നടപടിയാണ് വട്ടമേശസമ്മേളനം നടത്തി ബജറ്റ് പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുന്നത്.
ബജറ്റിൽ ആകെ 73 പദ്ധതികളാണുള്ളത്. 40സർക്കാർ വകുപ്പുകളിലായാണിത്. ഇതിൽ 63പദ്ധതികൾക്ക് ഒന്നിലേറെ വകുപ്പുകൾ ഉൾപ്പെടുന്നുണ്ട്. 10 പദ്ധതികളിൽ ഓരോ വകുപ്പു മാത്രമാണുള്ളത്. വകുപ്പുകളുടെ ഏകോപനമില്ലായ്മ, സാന്പത്തിക പ്രശ്നങ്ങൾ തുടങ്ങിയവയാണ് പദ്ധതികളെ താളം തെറ്റിക്കുന്നത്. അത് ഒഴിവാക്കാനുള്ള മുൻകരുതലാണ് വട്ടമേശസമ്മേളനത്തിൽ എടുക്കുക.
ഓരോ പദ്ധതികയെ സംബന്ധിച്ചും ഇന്റർ ഡിപ്പാർട്ട്മെന്റൽ ഉദ്യോഗസ്ഥർ, പ്രധാനപ്പെട്ടവർ, പദ്ധതി നിർവഹണം, ആസൂത്രണം, വിശദ പരിശോധന, വകുപ്പുതല ഏകോപനം, വിദഗ്ധ കണ്സൾട്ടൻസികളുടെ പിന്തുണ, പദ്ധതികളുടെ വ്യാപ്തി,തന്ത്രപരമായ ലക്ഷ്യങ്ങൾ, പ്രധാന ഘടകങ്ങൾ, നിർവഹണത്തിന്റെ മാതൃക, ഇക്കണോമിക് മോഡൽ, വിശദമായ പ്രോജക്ട് റിപ്പോർട്ടുകൾ, പൂർത്തിയാക്കാനെടുക്കുന്ന സമയം എന്നിവ തീരുമാനിക്കും.
അക്കാദമിക്, ഗവേഷണ, സാങ്കേതിക സ്ഥാപനങ്ങൾ, അന്താരാഷ്ട്ര പങ്കാളിത്തം, ധനകാര്യസ്ഥാപനങ്ങൾ, നിക്ഷേപകർ, വ്യവസായികൾ, സംരംഭകസംഘടനാ പ്രതിനിധികൾ,സ്റ്റാർട്ടപ്പുകൾ തുടങ്ങിയവരും വട്ടമേശ സമ്മേളനത്തിൽ പങ്കാളികളാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.