കൽപ്പറ്റ: മറുനാടൻ കർഷക കുട്ടായ്മയായ യുണൈറ്റഡ് ഫാർമേഴ്സ് ആൻഡ് പ്രൊഡ്യുസേഴ്സ് അസോസിയേഷൻ(യുഎഫ്പിഎ) മേപ്പാടി പഞ്ചായത്ത് ബഡ്സ് സ്കൂളിന് നിർമിച്ച കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി.
പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതരെ ചേർത്തുപിടിക്കുന്നതിന് രൂപം നൽകിയ ’ഹൃദയപൂർവം യുഎഫ്പിഎ’ പദ്ധതിയുടെ ഭാഗമായി നിർമിച്ചതാണ് കെട്ടിടം. അസോസിയേഷൻ സന്നദ്ധത അറിയിച്ചതിനെത്തുടർന്ന് മേപ്പാടി ടൗണിൽ പഞ്ചായത്ത് ലഭ്യമാക്കിയ ഒന്പത് സെന്‍റ് സ്ഥലത്ത് 40 ലക്ഷം രൂപ ചെലവിലാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്.
കർഷക ക്ഷേമവും ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് യുഎഫ്പിഎ ആരംഭിച്ച ആർദ്രം ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലാണ് ’ഹൃദയപൂർവം’ പദ്ധതി ആവിഷ്കരിച്ചത്. കർണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന മലയാളികളിൽനിന്നു സമാഹരിച്ച തുകയാണ് കെട്ടിടനിർമാണത്തിന് വിനിയോഗിച്ചത്.
2025 മേയ് മൂന്നിനാണ് പ്രവൃത്തി ആരംഭിച്ചത്. നിലവിൽ 21 പേർ ബഡ്സ് സ്കൂൾ വിദ്യാർഥികളാണ്. ചുറ്റുമതിലും ഇന്‍റർലോക് പാകിയ മുറ്റവും നിർമിച്ചും അകമേയുള്ള പ്രവൃത്തികൾ നടത്തിയും കുട്ടികൾക്കുള്ള ഊഞ്ഞാലുകൾ, വിനോദത്തിനുള്ള മറ്റുപകരണങ്ങൾ, ഫർണിച്ചർ എന്നിവ സജ്ജീകരിച്ചുമാണ് കെട്ടിടം പഞ്ചായത്തിന് കൈമാറുന്നതെന്ന് യുഎഫ്പിഎ ദേശീയ ചെയർമാൻ സാബു കണ്ണയ്ക്കാപ്പറന്പിൽ, ജനറൽ കണ്‍വീനർ ജോബിൻ ജോസ് പാറപ്പുറം, ട്രഷറർ അജി കുര്യൻ, ജോയിന്‍റ് സെക്രട്ടറിമാരായ അനൂപ് മാത്യു, എം.എസ്. സുനിൽകുമാർ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.ജെ. ഷിജു, ’ഹൃദയപൂർവം’ പദ്ധതി ചെയർമാൻ സിബി തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കെട്ടിടം ഉദ്ഘാടനം 29ന് രാവിലെ 10ന് കൃഷി മന്ത്രി ടി. സിദ്ദിഖ് നിർവഹിക്കും. യുഎഫ്പിഎ ദേശീയ ചെയർമാൻ സാബു കണ്ണയ്ക്കാപ്പറന്പിൽ അധ്യക്ഷത വഹിക്കും. ’ഹൃദയപൂർവം’ പദ്ധതി ചെയർമാൻ സിബി തോമസ് റിപ്പോർട്ട് അവതരിപ്പിക്കും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ഉഷ വിജയൻ എംഎൽഎ ഉപഹാര സമർപ്പണം നിർവഹിക്കും.
കെട്ടിടത്തിന്‍റെ താക്കോൽ മേപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് റംല ഹംസ ഏറ്റുവാങ്ങും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡന്‍റ് ടി. ഹംസ, യുഎഫ്പിഎ മുൻ ദേശീയ ചെയർമാൻ എമിസണ്‍ തോമസ് തുടങ്ങിയവർ പ്രസംഗിക്കും. കെട്ടിടം ഉദ്ഘാടനത്തോടനുബന്ധിച്ച് യുഎഫ്പിഎ ഓണോഘോഷവും ഉണ്ടാകുമെന്ന് ഭാരവാഹികൾപറഞ്ഞു.
വിലങ്ങാട് പ്രകൃതിദുരന്തബാധിതനായ അംഗത്തിന് ഭവന നിർമാണം പൂർത്തിയാക്കുന്നതിന് യുഎഫ്പിഎ അഞ്ച് ലക്ഷം രൂപ ലഭ്യമാക്കിയിരുന്നു.