ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ സ്കൂൾ വിദ്യാർഥികളുടെ ജീവൻ പണയം വെച്ചുള്ള അപകടകരമായ വാൻ യാത്രയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധം ഉയരുന്നു. സഹാറ പ്രദേശത്തുള്ള 'ദി സയൻസ് സ്കൂളി'ലെ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയ സംഭവത്തിലാണ് അധികൃതർ നടപടിയെടുത്തത്.
ഗ്രാമീണ മേഖലകളിൽ നിന്ന് സ്കൂളിലേക്ക് വന്നിരുന്ന വിദ്യാർഥികൾക്കാണ് ഈ ദുരവസ്ഥയുണ്ടായത്. വാനിൽ ഇരിക്കാൻ സ്ഥലമില്ലാത്തതിനെ തുടർന്ന് ചില കുട്ടികൾ കാറിന്റെ പിൻഭാഗത്തെ സിഎൻജി സിലിണ്ടറിന് മുകളിലും അതിന് ചുറ്റുമാണ് ഇരുന്നിരുന്നത്.
പെട്ടെന്ന് ബ്രേക്ക് പിടിക്കുകയോ വാഹനം അപകടത്തിൽപ്പെടുകയോ ചെയ്താൽ വലിയൊരു ദുരന്തത്തിന് വഴിവെക്കുന്ന രീതിയിലായിരുന്നു യാത്ര. സ്കൂൾ മാനേജ്മെന്റിന്റെയും വാൻ ഡ്രൈവറുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് ഇത് കാണിക്കുന്നതെന്ന് ദൃശ്യങ്ങൾ കണ്ടവർ ചൂണ്ടിക്കാട്ടുന്നു.
ഗ്രാമപ്രദേശങ്ങളിൽ ആവശ്യത്തിന് സ്കൂൾ യാത്രാസൗകര്യങ്ങൾ ഇല്ലാത്തതാണ് പലപ്പോഴും ഇത്തരം സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാക്കുന്നതെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കോട്വാലി ദേഹാത് പൊലിസ് സ്റ്റേഷൻ അതിവേഗം ഇടപെടുകയും മോട്ടോർ വാഹന നിയമപ്രകാരം വാൻ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലയിലെ സ്കൂൾ വാഹനങ്ങളിൽ വരും ദിവസങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും അസിസ്റ്റന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ നീതു ശർമ്മ വ്യക്തമാക്കി.