എന്തൊക്കെയാണ് കേൾക്കേണ്ടിവരുന്നത്? 13 വയസുകാരി മുത്തച്ഛനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ കൊടുക്കുന്നു, ടിവി റിമോട്ട് പിടിച്ചുവച്ചതിന് പെൺകുട്ടി ആത്മഹത്യക്കു ശ്രമിക്കുന്നു, പ്രണയം നിരസിച്ചതിനു പ്രതികാരമായി അമ്മാവനെ പോക്സോ കേസിൽ പെടുത്തുന്നു, ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമോക്കെ ഫേക്ക് ഐഡിയുമായി ഒരേ സമയം വ്യത്യസ്ത പ്രണയബന്ധങ്ങൾ രൂപപ്പെടുത്തുന്നു. ഇതെല്ലാം മുതിർന്ന കുട്ടികളിൽനിന്നു മാത്രം വരുന്ന വാർത്തകളാണെന്നു തെറ്റിദ്ധരിച്ചേക്കാം. എന്നാൽ, ആൺ-പെൺ വ്യത്യാസമില്ലാതെ സ്കൂൾ കുട്ടികളാണ് ഇക്കാലത്തെ വാർത്താ തലക്കെട്ടുകളിൽ നിറയുന്നത്.
കുട്ടികളുടെ മനസ് അസ്വസ്ഥമാണെന്നതാണു വസ്തുത. അവർ റീൽസിന്റെ ലോകത്താണ്. ചെറുതും വേഗമാർന്നതുമാണ് അവരുടെ ഇഷ്ടങ്ങൾ. അവരുടെ ഏകാഗ്രത വളരെ പരിമിതപ്പെട്ടതാണ്. അവർക്ക് പോയ കാലത്തിന്റെ ബുദ്ധിമുട്ടുകളോ മുൻതലമുറയുടെ കഷ്ടപ്പാടുകളോ പരിഗണനാവിഷയങ്ങളല്ല. അവരുടെ സുഖവും സന്തോഷവും ഇന്നിന്റെ അനുഭവങ്ങളും മാത്രമാണ് മുഖ്യം. എല്ലാ കുട്ടികളും ഇങ്ങനെയാണെന്നല്ല; 50 പേരുടെ ഒരു ക്ലാസിൽ ഇത്തരം നാലോ അഞ്ചോ കുട്ടികൾ മതി ക്ലാസിനെ അലങ്കോലമാക്കാൻ.
കുട്ടികളുടെ പെരുമാറ്റവ്യതിയാനങ്ങൾ പലപ്പോഴും കുടുംബങ്ങളിൽ രക്ഷിതാക്കൾക്കു മനസിലാകുന്നില്ല. ഞങ്ങളവർക്കു വേണ്ടതെല്ലാം ചോദിക്കാതെ വാങ്ങിക്കൊടുക്കുന്നുവെന്ന് അഭിമാനിക്കുന്ന രക്ഷിതാക്കളുമുണ്ട്. അവരുടെ ചെറുപ്പത്തിൽ കിട്ടാതെ പോയതിന്റെ കേടു തീർക്കുന്നതാണത്രെ അത്! എന്നിട്ടും, ചില കുട്ടികളെങ്കിലും പ്രായമാകുന്തോറും രക്ഷിതാക്കളിൽനിന്നകലുന്നു. അവർക്ക് മാതാപിതാക്കളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അവജ്ഞ മാത്രം. മറ്റു ചിലർ കടുത്ത അക്രമവാസനയും പ്രതികാരചിന്തയും വച്ചുപുലർത്തുന്നവരായി മാറുന്നു. ഇങ്ങനെ വീട്ടകങ്ങളിൽ പോലും ശല്യക്കാരായി പെരുമാറുന്നവർ വിദ്യാലയങ്ങളിലെത്തപ്പെടുന്പോൾ കൈകാര്യം ചെയ്യണ്ട വലിയ ബാധ്യത അധ്യാപകർക്കാണ്.
ഇന്നത്തെ അധ്യാപകരാകട്ടെ ഒരുപാട് അരുതുകൾക്കുള്ളിലാണ്. ഒരുപാട് ‘നോക്കീം കണ്ടും’ കുറച്ചൊക്കെ നിസംഗമായും അതിലേറെ ഭയപ്പാടോടെയും കുഞ്ഞുങ്ങളുടെ മുമ്പിൽ നിൽക്കുന്ന അധ്യാപകരുമുണ്ട്. ഇതിനിടയിൽ അധികാരികളും രക്ഷിതാക്കളും മാധ്യമങ്ങളും പൊതുസമൂഹംതന്നെയും അധ്യാപകരെ വരുതിയിലാക്കാൻ വെമ്പൽ കൊളളുന്നു. എന്നിരുന്നാലും, കൊറോണക്കാലത്തിനു ശേഷം കുട്ടികളിലുണ്ടായിരിക്കുന്ന പെരുമാറ്റ വ്യതിയാനം ഏറെ നിരീക്ഷിക്കേണ്ടതും വിലയിരുത്തപ്പെടേണ്ടതുമാണ്.
ആക്ടീവാകാൻ മടിക്കുന്ന കുട്ടികൾ
മധ്യകേരളത്തിലെ ഒരു പ്രമുഖ വിദ്യാലയത്തിലെ വൈദികനായ അധ്യാപകനുണ്ടായ അനുഭവം ഇന്നത്തെ കുട്ടികൾ മുതിർന്നവരെയും അധ്യാപകരെയുമാക്കെ എപ്രകാരമാണ് നോക്കിക്കാണുന്നത് എന്നു വ്യക്തമാക്കുന്നതാണ്.
സ്പോർട്സ് ദിനം ആഘോഷിക്കവേ ഒരു കൈയിൽ മത്സരത്തോടനുബന്ധിച്ചുള്ള ഫയലുകളും മറുകൈയിൽ പോർട്ടബിൾ സ്പീക്കറുമായി (ബോക്സ്) ളോഹ ധരിച്ച വൈദികൻ ഗ്രൗണ്ടിന്റെ ഒരറ്റത്തുനിന്നു മറ്റേ അറ്റത്തേക്കു നടക്കുന്നു... ഈ കാഴ്ച കണ്ടുകൊണ്ട് മുതിർന്ന കുട്ടികളുൾപ്പടെ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നുണ്ട്. ഒടുവിൽ സഹികെട്ട് തൊട്ടടുത്ത് കൂട്ടം കൂടി നിന്ന കുട്ടികളോട് “ഒന്നു സഹായിക്കടേ...” എന്ന് അദ്ദേഹം പറഞ്ഞു! മുൻ കാലങ്ങളിൽ അധ്യാപകർ പ്രത്യേകിച്ച് വൈദികരും സിസ്റ്റേഴ്സും എന്തെങ്കിലും കായികമായി ജോലി ചെയ്യുന്നതു കണ്ടാൽ സഹായിക്കാൻ ധാരാളം കുട്ടികൾ സ്വമേധയാ എത്തിച്ചേർന്നിരുന്നു. ഒരു പരിധിവരെ ക്ലാസിലിരിക്കാൻ താത്പര്യമില്ലാഞ്ഞിട്ടായാലും പുറംജോലികൾ ചെയ്യാൻ കുറച്ചധികം കുട്ടികൾ തയാറുമായിരുന്നു. ഇന്നതിന് വലിയ മാറ്റമാണുണ്ടായിരിക്കുന്നത്.
ഇവിടെ വൈദികന്റെ അഭ്യർഥന കേൾക്കാത്ത മട്ടിൽ വർത്തമാനം പറഞ്ഞുകൊണ്ടിരുന്ന കുട്ടികളാണ് കൂടുതലുണ്ടായിരുന്നതെങ്കിലും അദ്ദേഹത്തെ സഹായിക്കാനും ചിലരുണ്ടായി. ഓടിയെത്തിയവർ പക്ഷേ, വൈദികന്റെ കൈയിൽനിന്ന് വാങ്ങിയത് ഫയലുകളായിരുന്നുവെന്നു മാത്രം!
കുഞ്ഞുങ്ങൾ ജീവനുള്ള ഫയലുകളാണെന്നും കേവലമൊരു ഓഫിസ് ഫയൽ പോലെ അവരെ കൈകാര്യം ചെയ്യരുതെന്നുമൊക്കെ ബിഎഡ് ക്ലാസുകളിൽ മുഴങ്ങിക്കേട്ടിരുന്നു. ഇന്നത്തെ കുട്ടികൾ ചുവപ്പുനാടയിൽ പൊതിഞ്ഞ ഫയലുകളായിത്തീർന്നിരിക്കുന്നോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അവർക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് നന്നായറിയാം. കടമകളും ഉത്തരവാദിത്വങ്ങളും ഉള്ളതായി നടിക്കുന്നു പോലുമില്ല. അവകാശങ്ങൾക്കു പക്ഷേ, നിയമത്തിന്റെ പിൻബലമുണ്ടെന്നും തങ്ങളുടെ സ്ഥാനം അധ്യാപകനേക്കാളോ സ്ഥാപനത്തേക്കാളോ മേലെയാണെന്നും കുട്ടി ചിന്തിക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ ഇഷ്ടങ്ങൾ മാത്രം നടപ്പാക്കുന്നു. തിരത്തുന്നവരെ അവർക്ക് താത്പര്യമില്ല. വാശി തീർക്കാൻവേണ്ടി കുട്ടികൾ അധ്യാപകരെ കരുവാക്കുന്ന എത്രയോ സംഭവങ്ങളാണ് പുറത്തുവരുന്നത്!
ലഹരിയും ആസക്തിയും
ഇന്നത്തെ കുട്ടികൾക്ക് ശരികൾ ആപേക്ഷികമായിരിക്കുന്നു. വീട്ടിലും സ്കൂളിലുമുള്ള പെരുമാറ്റത്തിൽ തുടങ്ങി ലഹരിയുടെ ഉപയോഗം, ഇന്റർനെറ്റ് -സ്മാർട്ട് ഫോണുപയോഗിച്ചുള്ള ഇടപെടലുകൾ വരെ കുട്ടികൾക്ക് തോന്നും പടിയായിരിക്കുന്നു. ആരും അവരെ നിയന്ത്രിക്കുന്നത് ഇഷ്ടമില്ല; ഒട്ടു സമ്മതിക്കുകയുമില്ല. അതുകൊണ്ടുതന്നെ കുട്ടികളുടെ ഭാഗത്തുനിന്നുള്ള കുറ്റകൃത്യങ്ങളും കൂടി വരുന്നു. സ്വന്തം അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ വരെ ദുരുപയോഗം ചെയ്യാനുള്ള മനക്കരുത്തുവരെ ചിലരെങ്കിലും നേടിയിരിക്കുന്നു. വിവരസാങ്കേതികവിദ്യയിൽ നല്ല പരിജ്ഞാനമുള്ള വിദ്യാർഥികളാണവർ. അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അവർക്ക് നന്നായിട്ടറിയാം!