പരവൂര്‍: ട്രെയിനിലെ എസി കോച്ചിനുള്ളില്‍ കത്തുന്ന എണ്ണവിളക്കും ചന്ദനത്തിരിയും ഉപയോഗിച്ച് പൂജ നടത്തിയ സംഭവത്തില്‍ ഇന്ത്യന്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
യാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
എസി കോച്ചിലെ മുകളിലെ ബര്‍ത്തില്‍ ഇരുന്നാണ് ഒരു യാത്രക്കാരന് കത്തിച്ചുവച്ച വിളക്കും ചന്ദനത്തിരികളും ഉപയോഗിച്ച് പൂജ നടത്തിയത്.
വീഡിയോ പങ്കുവച്ച അക്കൗണ്ട് കണ്ടെത്താന്‍ ശ്രമം
വീഡിയോ ആദ്യം പങ്കുവച്ച സോഷ്യല്‍ മീഡിയ അക്കൗണ്ട് കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന് അറിയിച്ചു. അക്കൗണ്ട് കണ്ടെത്തുന്നതോടെ ട്രെയിനും യാത്രക്കാരനെയും തിരിച്ചറിഞ്ഞ് നിയമനടപടികള്‍ സ്വീകരിക്കും.
യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ജ്വലനശേഷിയുള്ള വസ്തുക്കള്‍ ട്രെയിനില്‍ കൊണ്ടുപോകുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള പിഴ തുക റെയില്‍വേ അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു.