പേരൂർക്കട: വാട്ടർ അഥോറിറ്റി പാളയം സെക്ഷന്റെ മേൽനോട്ടത്തിൽ വരുന്ന മ്യൂസിയം-നന്ദാവനം റോഡിൽ പൈപ്പ് പൊട്ടൽ സ്ഥിരം സംഭവമാകുന്നു ഇതുവഴി കടന്നുപോകുന്ന എസി പൈപ്പ്, എച്ച്ഡിപിഇ (ഹൈ ഡെൻസിറ്റി പോളി എത്തിലീൻ) പൈപ്പ് എന്നിവയാണ് വില്ലനായി മാറിയിരിക്കുന്നത്.
മ്യൂസിയത്തുനിന്ന് 100 മീറ്റർ പിന്നിട്ട് നന്ദാവനം എആർ ക്യാമ്പിനു സമീപവും അവിടെനിന്ന് 100 മീറ്ററോളം ദൂരം അപ്പുറത്തുമുള്ള പൈപ്പു ലൈനുകളാണ് പൊട്ടുന്നത്. ഹൈ ഡെൻസിറ്റി പൈപ്പ് കാലപ്പഴക്കം ചെന്നതാണ്. ഭാരവാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുമ്പോഴുള്ള മർദംകൊണ്ടാണ് ഇവിടെ പൈപ്പ് പൊട്ടുന്നത്. നന്ദാവനം എആർ ക്യാമ്പിന് സമീപം ഒരാഴ്ചമുന്പു പൊട്ടിയ പൈപ്പിന്റെ പണി പൂർത്തീകരിച്ച് അധികൃതർ മണ്ണുമൂടിയിട്ടിരിക്കുന്നതിനാൽ വാഹന യാത്ര ഇവിടെ ദുരിതമായി മാറിയിട്ടുണ്ട്. അറ്റകുറ്റപ്പണി പൂർത്തിയാക്കി കുഴിമൂടി മണ്ണിട്ട ശേഷം സേഫ്റ്റി കോണുകൾ സ്ഥാപിച്ചിരിക്കുകയാണ് ഇവിടെ. ഇതുമൂലം റോഡ് രണ്ടായി പകുത്തു പോകുന്ന അവസ്ഥയാണ്. എതിർവശത്തുനിന്ന് വാഹനങ്ങൾ വരുമ്പോൾ രാവിലെയും വൈകുന്നേരവും കുരുക്കിൽ അമരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.
മ്യൂസിയം ഭാഗത്തുനിന്ന് പാളയത്തേക്കും രാജാജി നഗർ ഭാഗത്തേക്കും എളുപ്പത്തിൽ പോകാൻ സാധിക്കുന്നതാണ് എആർ ക്യാമ്പിനു സമീപത്തുനിന്നു തുടങ്ങുന്ന റോഡ്. ഇപ്പോൾ പൊട്ടിയതിന് 100 മീറ്റർ മാറി മറ്റൊരു പൊട്ടൽ ഉണ്ടായപ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു. അന്ന് എസി പൈപ്പാണ് പൊട്ടിയത്. ദിവസങ്ങളോളം എടുത്താണ് പണിപൂർത്തീകരിച്ചത്. ഒരിക്കൽ അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്തു വെറുതെ മണ്ണിട്ടു മൂടുന്നതിനാൽ കുണ്ടും കുഴിയുമായി കിടക്കുകയാണ് പതിവ്. മനോഹരമായി ടാർ ചെയ്തിരുന്ന റോഡ് തീരെ ദയനീയാവസ്ഥയിൽ തകർന്നു കിടക്കുന്നതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.