തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. ഗതാഗത സെക്രട്ടറി ടി.വി അനുപമ ഐഎഎസ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. 'പ്രിയദർശിനി' എന്ന് പേരിട്ടിരിക്കുന്ന ഈ ചരിത്ര പദ്ധതി ഈ മാസം 15-ാം തീയതി (ജൂൺ 15) മുതൽ പ്രാബല്യത്തിൽ വരും.
പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പദ്ധതി നടപ്പാക്കുമ്പോൾ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ആശങ്ക വേണ്ടെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. ഇതിനായുള്ള തുക കൃത്യസമയത്ത് തന്നെ ട്രഷറിയിൽ നിന്ന് ലഭ്യമാക്കും. പദ്ധതി പൂർണമായും സർക്കാർ ചെലവിലാണ് നടപ്പാക്കുന്നത്. കെഎസ്ആർടിസിയുടെ ദൈനംദിന ഓപ്പറേഷൻ ചെലവുകളും മറ്റ് ധനപരമായ കരാർ ബാധ്യതകളും ഉറപ്പുവരുത്തിക്കൊണ്ട് സുഗമമായ ഒരു ക്യാഷ് ട്രാൻസ്ഫർ-ഫിനാൻഷ്യൽ മാനേജ്മെന്റ് സംവിധാനവും ഇതിനായി സർക്കാർ ഒരുക്കിയിട്ടുണ്ട്.
സൗജന്യ യാത്ര നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടാകാനിടയുള്ള ആശങ്കകൾ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രിയദർശിനി പദ്ധതിയുടെ ആദ്യഘട്ട നിർവ്വഹണ ഫലവും കാര്യക്ഷമതയും വിലയിരുത്തിയ ശേഷമായിരിക്കും ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുക. കൂടാതെ, പദ്ധതി മൂലമുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത മറികടക്കുന്നതിനായി ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള പ്രത്യേക നടപടികൾ കെ.എസ്.ആർ.ടി.സിയും ആവിഷ്കരിക്കുന്നതാണ്.