പേരൂര്‍ക്കട: ഇടിഞ്ഞുതാണ മാന്‍ഹോളില്‍ ഇലക്ട്രിക് ബസ് വീണു. പിന്നീട് ബസിനെ കുഴിയില്‍ നിന്നു തള്ളിനീക്കി. തിങ്കളാഴ്ച പകല്‍സമയത്ത് ചാലക്കുഴി ജംഗ്ഷനു സമീപമായിരുന്നു സംഭവം. റോഡിലെ മാന്‍ഹോളിനു ചുറ്റുമുള്ള ടാര്‍ ആണ് ഇവിടെ ഇടിഞ്ഞുതാണത്.
രണ്ടുദിവസമായി മാന്‍ഹോള്‍ അപകടാവസ്ഥയിലായതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് ഇവിടെ മരച്ചില്ലകള്‍ നാട്ടിയിരുന്നു. ഈ ഭാഗത്താണ് ബസ് വീണത്. ആര്‍സിസിയിലേക്ക് യാത്രക്കാരുമായിപോയ കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസാണു കുഴിയിൽവീണത്. മാന്‍ഹോളിനു സമീപത്തുകൂടി പോയപ്പോള്‍ അടര്‍ന്നിരുന്ന ടാര്‍ ഇടിഞ്ഞുതാഴുകയായിരുന്നു.
ഇതോടെയാണ് ബസിന്റെ വലതുവശത്തെ മുൻചക്രം കുഴിയില്‍ അകപ്പെടുകയായിരുന്നു. പിന്നീട് സംഭവസ്ഥലത്ത് ഡ്രൈവറും കണ്ടക്ടറും ഇറങ്ങുകയും നാട്ടുകാരുടെ സഹായത്തോടെ ബസ് പിറകിലേക്കു തള്ളിനീക്കുകയുമായിരുന്നു. അപകടത്തില്‍പ്പെട്ട ബസ് പിന്നീട് യാത്ര തുടര്‍ന്നു. കുറേ നാളായി മാന്‍ഹോള്‍ അപകടാവസ്ഥയിലായിരുന്നുവെന്നും അധികൃതരോടു പരാതിപ്പെട്ടിട്ടും നടപടികള്‍ ഉണ്ടായില്ലെന്നുമാണു പ്രദേശവാസികള്‍ പറയുന്നത്