കെഎസ്ആർടിസിയെ ലാഭകരമാക്കാൻ വാണിജ്യ സമുച്ചയങ്ങളോടു കൂടിയ ആധുനിക ബസ്സ്റ്റാൻഡുകൾ നിർമിക്കാൻ തീരുമാനമെടുക്കുന്നത് 2005 ജനുവരിയിലാണ്.
2006ൽ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ വന്നതിനുശേഷം 2007 മേയിൽ ബിഒടി അടിസ്ഥാനത്തിൽ കെടിഡിഎഫ്സി ഓപ്പറേറ്ററായി അങ്കമാലി ബസ് സ്റ്റേഷനിൽ വാണിജ്യസമുച്ചയം നിർമിക്കാൻ സർക്കാർ അനുമതി നല്കി.
കെഎസ്ആർടിസി എംഡി തലവനായും കെഎസ്ആർടിസി ജീവനക്കാർ തൊഴിലാളികളായും കെഎസ്ആർടിസിയുടെ കെട്ടിടത്തിൽ കെഎസ്ആർടിസിക്ക് പുനർവായ്പാ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് രൂപീകരിച്ച ഒരു നോൺ ഫിനാൻഷ്യൽ സ്ഥാപനമാണ് കെടിഡിഎഫ്സി (കേരള ട്രാൻസ്പോർട്ട് ഫിനാൻസ് ഡെവല്പ്മെന്റ് കോർപറേഷൻ).
അങ്കമാലി പദ്ധതിക്ക് പിന്നാലെ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം തന്പാനൂർ, തിരുവനന്തപുരം ഫോർട്ട്, തിരുവനന്തപുരം പേരൂർക്കട എന്നിവിടങ്ങളിലും ബസ് ടെർമിനൽ ആരംഭിക്കാൻ 2007 നവംബറിൽ അനുമതി നല്‍കിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ തിരുവനന്തപുരം ഫോർട്ട്, പേരൂർക്കട പദ്ധതികൾ തുടങ്ങിയില്ല. പകരം തിരുവല്ലയിലാണ് ആരംഭിച്ചത്.
നാലു പദ്ധതികളുടെയും നിർമാണം നടത്തിയത് കെടിഡിഎഫ്സിയാണ്. 2008 ജൂലൈയിൽ അങ്കമാലി ബസ് ടെർമിനൽ കോംപ്ലക്സിന്റെ പണി തുടങ്ങി. 24 മാസംകൊണ്ട് തീർക്കാനായിരുന്നു ഉദ്ദേശ്യം. പക്ഷേ പണി കഴിഞ്ഞത് 2012 ജൂണിലാണ്. ഭരണാനുമതി 22 കോടി രൂപയ്ക്കായിരുന്നു. ഇതിലുമെത്രയോ അധികം ചെലവഴിച്ചു.
കോഴിക്കോട് പദ്ധതിയുടെ നിർമാണം 2009 മാർച്ചിൽ തുടങ്ങി. 2011 മാർച്ചിൽ തീരുമെന്നു കരുതി. ഭരണാനുമതി 53.30 കോടി രൂപ. എന്നാൽ, ഇരട്ടി ചെലവഴിച്ചു. നിർമാണ പ്രവൃത്തികൾ ഇനിയും പൂർത്തിയായില്ല.
2012 ഫെബ്രുവരിയിൽ പൂർത്തിയാക്കാമെന്നുറപ്പിച്ച് 2010 മാർച്ചിലാണ്
തിരുവനന്തപുരത്ത് പണി തുടങ്ങിയത്. 55.94 കോടി രൂപയായിരുന്നു ഭരണാനുമതി. അനുമതി ലഭിച്ചതിനേ ക്കാൾ കോടികൾ ചെലവഴിച്ചു. ഇപ്പോഴും പൂർണമായും പ്രവർത്തനസജ്ജമായില്ല.
35 കോടിയുടെ തിരുവല്ല പദ്ധതിയുടെ നിർമാണം തുടങ്ങിയത് 2010 നവംബറിൽ. പതിവുപോലെ കൂടുതൽ തുക ചെലവാക്കി. പൂർണമായും പ്രവർത്തന സജ്ജമായതുമില്ല. ഈ നാലു ടെർമിനലുകൾക്കുമായി 244.80 കോടി രൂപയാണ് നിർമാണ ച്ചെലവെന്ന് വിവരാവകാശ രേഖ പറയുന്നു.
പദ്ധതിക്കാവശ്യമായ തുക കണ്ടെത്തിയത് ബിഒടി ഓപ്പറേറ്റർ എന്ന നിലയിൽ കെടിഡിഎഫ്സിയാണ്. അതായത്, നിർമാണം പൂർത്തിയായ സമുച്ചയങ്ങൾ പ്രവർത്തനസജ്ജമാകുന്പോൾ മുതൽ കെടിഡിഎഫ്സിയുടെ തുക തിരികെ ലഭിക്കുന്നതുവരെ വാടകയുടെ മുഴുവൻ വരുമാനവും കെടിഡിഎഫ്സിക്കായിരിക്കും. ഇത്തരം വ്യവസ്ഥകളോടെയായിരുന്നു സർക്കാരിന്റെ അംഗീകാരം.
കെടിഡിഎഫ്സിയുടെയും കോർപറേഷന്റെയും സംയുക്ത സംരംഭമെങ്കിലും ഇരുസ്ഥാപനങ്ങളും തമ്മിൽ ഇതുവരെ ഒരു കരാറിലും ഒപ്പിട്ടില്ല. കരാറൊപ്പിടാൻ പല തവണ കെഎസ്ആർടിസി മേധാവികൾ കെടിഡിഎഫ്സിയെ സമീപിച്ചെങ്കിലും അവർ അവഗണിച്ചു. ഫലത്തിൽ ഈ നാലു സമുച്ചയങ്ങളും കെടിഡിഎഫ്സിയുടേതായി. കെഎസ്ആർടിസിയുടെ 15 ഏക്കറോളം സ്ഥലം പോയത് മിച്ചം.
അംഗീകാരത്തോടൊപ്പമുള്ള വ്യവസ്ഥ പ്രകാരം നിർമാണത്തിന് അനുവദിച്ച കാലാവധിക്കുശേഷം പ്രതിമാസ വരുമാനത്തിന്റെ 50 ശതമാനം തുക കെടിഡിഎഫ്സി ഓപ്പറേറ്റിംഗ് ഫീസായി കെഎസ്ആർടിസിക്ക് നല്‍കേണ്ടതാണ്. അങ്കമാലിയിൽ ടെർമിനൽ നിർമാണം പൂർത്തിയായി. കോഴിക്കോട്ടും തിരുവനന്തപുരത്തും ബസ്സ്റ്റേഷനുകൾ ആരംഭിച്ചു. എന്നിട്ടും ഇപ്പറഞ്ഞ തുക കെടിഡിഎഫ്സി നല്‍കിയിട്ടില്ല. തങ്ങൾക്കർഹമായ വരുമാനത്തെക്കുറിച്ചോ പദ്ധതിക്കായി മുടക്കിയ തുകയെക്കുറിച്ചോ കെഎസ്ആർടിസിക്ക് അറിയില്ല എന്നതാണ് വിചിത്രം. ബിഒടിക്ക് ഒരു കാലപരിധി വച്ചിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. ഏതായാലും കെടിഡിഎഫ്സിക്ക് മുടക്കുമുതലും പലിശയും പദ്ധതികളുടെ വരുമാനത്തിൽനിന്ന് ലഭിക്കാൻ പോകുന്നില്ല. ഈ കെട്ടിട സമുച്ചയങ്ങൾ ഒരിക്കലും കെഎസ്ആർടിസിക്ക് സ്വന്തമാകാനും പോകുന്നില്ല!
കെഎസ്ആർടിസിക്കുവേണ്ടി മുടക്കിയ മുതലും പലിശയും ഈടാക്കി എന്ന് തിരിച്ചു നല്‍കുമെന്ന് ധാരണയില്ല. കെട്ടിടസമുച്ചയങ്ങളുടെ നിർമാണം സമയത്തു പൂർത്തിയാക്കിയിട്ടില്ല. എസ്റ്റിമേറ്റ് റേറ്റ് പലപ്പോഴും കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി കെഎസ്ആർടിസിയെ നഷ്ടത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ബിഒടി അടിസ്ഥാനത്തിൽ നിർമിച്ച ഈ കെട്ടിടങ്ങളാണ്.
കീശ കാലിയാക്കി വാണിജ്യസമുച്ചയങ്ങള്‍
കെടിഡിഎഫ്സി മുഖേന നിര്‍മിച്ച ഇത്തരം സമുച്ചയങ്ങളില്‍ ഭൂരിഭാഗവും ഉയര്‍ന്ന വാടകയും നിയമതടസങ്ങളും ബലക്ഷയവും കാരണം വര്‍ഷങ്ങളായി വാടകയ്ക്ക് കൊടുക്കാന്‍ കഴിയാതെ നോക്കുകുത്തിയായി നില്ക്കുന്നു.
കോഴിക്കോട് നഗരമധ്യത്തില്‍ 21 നിലകളിലുള്ള ഇരട്ടടവറുകള്‍ അടങ്ങിയ ബസ് ടെര്‍മിനല്‍ കം ഷോപിംഗ് കോംപ്ലക്സില്‍ യാത്രക്കാര്‍ ശ്വാസംമുട്ടി മരിക്കും. വെളിച്ചവും വായുവും കടക്കാത്ത വിധത്തിലാണ് ബഹുനിലക്കെട്ടിടത്തിന്റെ നിർമാണം. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് പിന്നീട് വിദഗ്ധർ കണ്ടെത്തി. ബലപ്പെടുത്താന്‍ ഇനിയും കോടികള്‍ മുടക്കണം.
മദ്രാസ് ഐഐടി സംഘമാണ് ബലക്ഷയം കണ്ടെത്തിയത്. വിഷയം കോടതിയുടെ പരിഗണനയിലുമാണ്. മികച്ച ഷോപ്പിംഗ് സൗകര്യങ്ങള്‍, മള്‍ട്ടിപ്ലക്സ് തിയറ്ററുകള്‍, റസ്റ്ററന്റുകള്‍, ഓഫീസുകള്‍ എന്നിവയൊക്കെ സമുച്ചയത്തിൽ വരുമെന്നായിരുന്നു സ്വപ്നം. ഇപ്പോഴത്തെ ദുരവസ്ഥയെക്കുറിച്ച് കാര്യമായ അന്വേഷണമോ നടപടിയോ ഇതുവരെ ഉണ്ടായിട്ടില്ല.
(തുടരും)