വെള്ളരിക്കുണ്ട്: സെന്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് മൈസൂരിലേക്ക് വിനോദയാത്ര നടത്താനെത്തിയ മൂന്നു ബസുകൾ മോഡിഫിക്കേഷന്റെ പേരുപറഞ്ഞ് വെള്ളരിക്കുണ്ട് ജോയിന്റ് ആർടിഒയുടെ നേതൃത്വത്തിൽ തടഞ്ഞു.
യാത്രയ്ക്കൊരുങ്ങിയെത്തിയ കുട്ടികളെ നാലുമണിക്കൂറോളം തടഞ്ഞുനിർത്തിയതിനു ശേഷം ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്നാണ് ബസുകൾ വിട്ടുനൽകിയത്. ഒടുവിൽ വൈകുന്നേരത്തോടെയാണ് കുട്ടികൾ യാത്ര പുറപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സ്കൂളിൽ നിന്ന് 102 കുട്ടികളുമായി വിനോദയാത്ര പുറപ്പെടാനിരുന്നത്.
ബസുകളുടെ നമ്പറും മറ്റു വിവരങ്ങളും ഒരാഴ്ച മുമ്പു തന്നെ ജോയിന്റ് ആർടിഒയുടെ ഓഫീസിൽ സമർപ്പിച്ച് അനുമതി തേടിയിരുന്നു. എന്നാൽ യാത്ര പുറപ്പെടുന്നതിന് മിനിറ്റുകൾക്കു മുമ്പ് ജോയിന്റ് ആർടിഒ നജീബിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ മോട്ടോർവാഹന വകുപ്പ് അധികൃതർ ഈ ബസുകളിൽ വിനോദയാത്ര അനുവദിക്കാനാകില്ലെന്ന് അറിയിക്കുകയായിരുന്നു.
അപേക്ഷ നല്കിയപ്പോൾ കാണിച്ച ബസുകളുടെ നമ്പറുകൾ ഉൾപ്പെടെ വ്യത്യസ്തമാണെന്നും ലൈറ്റുകളും ശബ്ദസംവിധാനവും നിയമവിരുദ്ധമായി സ്ഥാപിച്ചതാണെന്നുമായിരുന്നു അധികൃതരുടെ വാദം. തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, വാർഡ് മെംബർ ഷോബി ജോസഫ്, പ്രിൻസിപ്പൽ ഫാ. ഡോ. സന്തോഷ് കെ. പീറ്റർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും ആർടി ഓഫിസിലെത്തി. ഫയൽ പരിശോധിച്ചപ്പോൾ ഇതേ ബസുകളുടെ തന്നെ കൃത്യമായ വിവരങ്ങൾ അപേക്ഷയിലുണ്ടെന്ന് വ്യക്തമായി. വാഹനങ്ങളുടെ വിവരങ്ങളും രേഖകളും ഡ്രൈവർമാരുടെ ലൈസൻസ്, കുട്ടികളുടെ എണ്ണം, പോകുന്ന സ്ഥലങ്ങൾ തുടങ്ങിയ കാര്യങ്ങളുമെല്ലാം കഴിഞ്ഞ 12ന് സമർപ്പിച്ച അപേക്ഷയിലുണ്ടായിരുന്നു.
എന്നാൽ ലൈറ്റുകളും ശബ്ദസംവിധാനവും അനുവദിക്കാനാകില്ലെന്ന വാദത്തിൽ ജോയിന്റ് ആർടിഒ ഉറച്ചുനിൽക്കുകയായിരുന്നു. തുടർന്ന് സന്ദീപ് വാര്യർ എംഎൽഎ ജോയിന്റ് ആർടിഒയുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതരുടെ വ്യക്തമായ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ യാത്ര തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് ജോയിന്റ് ആർടിഒ വഴങ്ങിയത്. വലിയ പ്രതീക്ഷകളോടെ വിനോദയാത്രയ്ക്കെത്തിയ കുട്ടികൾ തുടക്കത്തിൽ തന്നെയുണ്ടായ പ്രശ്നം മൂലം കാത്തിരുന്ന് തളർന്നുപോയ നിലയിലായി. നേരം ഇരുട്ടുന്നതിനു മുമ്പ് കുട്ടികളുമായി ലക്ഷ്യസ്ഥാനത്തെത്തേണ്ടിയിരുന്ന സംഘം വനപാതകളിലൂടെ രാത്രി യാത്ര ചെയ്യേണ്ട അവസ്ഥയാണ് ആർടിഒ അധികൃതരുടെ പിടിവാശി മൂലം ഉണ്ടായതെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.