തിരുവനന്തപുരം: തലസ്ഥാനത്തെ ചാലയിൽ ജ്വല്ലറി ഉടമ നന്ദകുമാറിൽനിന്ന് രണ്ടുകിലോയോളം സ്വർണം കവർന്ന സംഭവത്തിനു പിന്നിൽ ബിസിനസ് വൈരാഗ്യമെന്ന് പൊലിസ്. നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിലുള്ള അസൂയയും സാന്പത്തികമായി തകർക്കാനുള്ള ലക്ഷ്യവുമാണ് കവർച്ചയ്ക്കു പിന്നിലെന്നാണ് പൊലിസ് പ്രാഥമിക അന്വേഷണത്തിനു ശേഷം വ്യക്തമാക്കുന്നത്. സംഭവത്തിൽ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ജ്വല്ലറി ഉടമകളായ രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തിയേക്കും.
ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. നന്ദകുമാറുമായി വ്യാപാര ഇടപാടുകളുണ്ടായിരുന്ന മറ്റൊരു ജ്വല്ലറി ഉടമ അമോലും സ്വർണകവർച്ച കേസുകളിൽ മുൻപും പങ്കാളികളായിട്ടുള്ള ദിലീപും ചേർന്നാണ് കവർച്ചയ്ക്ക് പദ്ധതിയിട്ടതെന്നാണ് പൊലിസിന്റെ കണ്ടെത്തൽ.
കേസിൽ വയനാട്ടിൽ നിന്നു പിടിയിലായ ചാല സ്വദേശി ഉൾപ്പെടെ മൂന്നു പേർക്ക് കവർച്ച നടത്താൻ ക്വട്ടേഷൻ നൽകിയത് ഇവരാണെന്നാണ് പൊലിസ് നൽകുന്ന സൂചന.
വൈഷ്ണവി ജ്വല്ലറിക്ക് എതിർവശത്തെ മാളവിക ജ്വല്ലറി ഉടമ ജയറാമിനെയും പൊലിസ് ചോദ്യം ചെയ്തു. ജയറാം തന്നെ ഭീഷണിപ്പെടുത്തിയതായി നന്ദകുമാർ മൊഴി നൽകിയിരുന്നു. കവർച്ചയ്ക്ക് രണ്ടു ദിവസം മുന്‍പുണ്ടായ സംഭവവും ഗൂഢാലോചനയിലെ പങ്കും പൊലിസ് അന്വേഷിച്ചുവരികയാണ്. കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകളും തെളിവെടുപ്പും തുടരുകയാണ്.