ചോദ്യം ഒന്നു മാത്രം. സ്വർണം വാങ്ങാറായോ?
ഉത്തരം എന്നും ഒന്നു മാത്രം. സ്വർണം എന്നും വാങ്ങാം. കാരണം, വില പിന്നീടു കയറും.
ചോദിക്കുന്നവരെ കളിയാക്കുന്ന ഉത്തരം വേണ്ട എന്നു ചിലർ പറയും. പക്ഷേ അങ്ങനെയല്ല. ഏതു വിലയിലും സ്വർണം വാങ്ങാം. 1978 ആദ്യം ഔൺസിന് (31.1 ഗ്രാം) 166 ഡോളർ നൽകി സ്വർണം വാങ്ങിയവർക്കു രണ്ടു വർഷം കഴിഞ്ഞ് 850 ഡോളറിനു വിൽക്കാൻ കഴിഞ്ഞു. അഞ്ചിരട്ടി വിലയിൽ. പിന്നീടു വിലയിടിഞ്ഞു. വീണ്ടും കയറി. വീണ്ടും താണു. വീണ്ടും കയറി. കഴിഞ്ഞ ജനുവരി 29നു രാജ്യാന്തര വിപണിയിൽ ഔൺസിന് (31.1 ഗ്രാം) 5600 ഡോളറിൽ തൊട്ടു സ്വർണവില. 1980ലെ വിലയുടെ ആറിരട്ടിയാണത്.
പത്തു വർഷം കൊണ്ട് സ്വർണം 1120 ഡോളറിൽ നിന്ന് 5600 ഡോളറിനടുത്തു വരെ കയറി. അഞ്ചു മടങ്ങ് കുതിപ്പ്. വെള്ളി ഇതേ കാലയളവിൽ 12 ഡോളറിൽനിന്ന് 122 ഡോളറിനടുത്ത് എത്തി. പത്തു മടങ്ങ് കയറ്റം. കൊള്ളാം എന്നു പറയും മുന്പു ശ്രദ്ധിക്കുക. ആ ഉയരത്തിൽ നിന്നാണ് മാസങ്ങൾക്കകം ഇടിഞ്ഞത്. നവംബർ 20ന് സ്വർണവില 3502 ഡോളറിൽ എത്തി. 37 ശതമാനം ഇടിവ്. പിന്നീട് അൽപം കയറി 3539.90 ഡോളറിൽ ക്ലോസ് ചെയ്തു. വെള്ളി ഇതേ കാലയളവിൽ 121.97 ഡോളറിൽനിന്ന് 41 ഡോളറിലേക്കു വീണു. പതനം 67 ശതമാനത്തോളം. കേരളത്തിൽ ജനുവരി 29ന് 1,31,160 രൂപയിൽ എത്തിയ ഒരു പവൻ 22 കാരറ്റ് സ്വർണം നവംബർ 21ന് 91,720 രൂപ ആയി. 39,440 രൂപയുടെ ഇടിവ്.
കയറും, ഇറങ്ങും
എല്ലാ നിക്ഷേപവുംപോലെ സ്വർണത്തിനും കയറ്റിറക്കങ്ങൾ ഉണ്ട്. ഇനിയും അതു തുടരും. അര നൂറ്റാണ്ടിനിടയിൽ കയറ്റത്തിന്റെയും തകർച്ചയുടെയും രണ്ടു വലിയ ചക്രങ്ങൾ കഴിഞ്ഞു. മൂന്നാമത്തേതു നടക്കുന്നു. 1978-80 കാലത്തും 2007-11 കാലത്തും സ്വർണവില അസാധാരണമായ കുതിപ്പ് കാഴ്ചവച്ചു. തുടർന്നു വലിയ ഇടിവും.
ഇനിയും താഴാം, പക്ഷേ...
കഴിഞ്ഞു പോയ കയറ്റിറക്കങ്ങൾ നൽകുന്ന സൂചന സ്വർണവില ഇനിയും കുറേക്കൂടി താഴാം എന്നാണ്. പക്ഷേ, ഭൂതകാലം അല്ലല്ലോ ഭാവികാലം. നിക്ഷേപകർ ജാഗ്രത പുലർത്തണം. ക്രൂഡ് ഓയിലും ഭക്ഷ്യവസ്തുക്കളും മുതൽ ലോഹങ്ങളും രാസവസ്തുക്കളും വരെ വില കുതിച്ചു കയറിയ മാസങ്ങളാണു കടന്നുപോയത്. ഇറാൻ യുദ്ധം മൂലം ഉത്പന്ന ലഭ്യത കുറഞ്ഞു. എൽ നിനോ പ്രതിഭാസം മൂലം മഴ കുറഞ്ഞതിനാൽ ധാന്യങ്ങളുടെയും പയറുവർഗങ്ങളുടെയും ഉത്പാദനം കുറഞ്ഞു.
എല്ലാ രാജ്യങ്ങളിലും ചില്ലറ വിലക്കയറ്റം കുതിച്ചു കയറി. ഈ സാഹചര്യത്തിൽ അമേരിക്കയുടെ ഫെഡറൽ റിസർവ് അടക്കം കേന്ദ്ര ബാങ്കുകൾ പലിശ കൂട്ടിവരികയാണ്. ഡിസംബർ ആദ്യം അര ശതമാനം വരെ കൂട്ടേണ്ടിവരും എന്നാണു നിഗമനം. എന്നാൽ നവംബറിൽ ക്രൂഡ് ഓയിലും ധാന്യങ്ങളും ലോഹങ്ങളും താഴ്ചയിലാണ്. ഈ വിലയിടിവു തുടർന്നാൽ ജനുവരിക്കു ശേഷം പലിശനിരക്കു കൂട്ടേണ്ട ആവശ്യം ഒഴിവായേക്കാം.
പലിശ കുതിച്ചു കയറും എന്നു കണക്കുകൂട്ടി സ്വർണവില ഇടിക്കുന്ന നിക്ഷേപഫണ്ടുകൾ അപ്പോൾ നയം മാറ്റാം. അതു സ്വർണത്തെ ഉയർത്താം. 2027 അവസാനത്തേക്കു സ്വർണത്തിനു ഗോൾഡ്മാൻ സാക്സ് 4650 ഡോളറും സ്വിസ് ബാങ്ക് യുബിഎസ് 5000 ഡോളറും മോർഗൻ സ്റ്റാൻലി 5250 ഡോളറും സോസ്യേറ്റേ ജനറാൾ 5000 ഡോളറും ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത് അതു കണക്കാക്കിയാണ്. എല്ലാ പ്രവചനങ്ങളുംപോലെ ഇവയും തെറ്റാകാം, ശരിയുമാകാം.