തിരുവനന്തപുരം: വൈദ്യുതിമോഷണം തടയുന്നതിനുള്ള ആന്റി പവർ തെഫ്റ്റ് സ്ക്വാഡിനുവേണ്ടി കെഎസ്ഇബി 14 പുതിയ ഡിജിറ്റൽ കാമറകൾ വാങ്ങുന്നു. വൈദ്യുതിമോഷണവും തട്ടിപ്പും തടയാനും തെളിവുകൾ ശേഖരിക്കാനുമാണ് കെഎസ്ഇബി 14 ഡിജിറ്റൽ കാമറകൾ വാങ്ങാൻ തീരുമാനിച്ചത്.
ആന്റി പവര്‍ തെഫ്റ്റ് സ്ക്വാഡ് (എപിടിഎസ്) പരിശോധന നടത്തുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുന്നില്ല. സംശയിക്കപ്പെടുന്ന വൈദ്യുതിമോഷണം, മീറ്റര്‍ ടാംപറിംഗ്, മറ്റു നിയമലംഘനങ്ങള്‍ എന്നിവ കണ്ടെത്തിയാല്‍ വകുപ്പുതല നടപടികളിലും കോടതി കേസുകളിലും ഉപയോഗിക്കുന്നതിനായാണ് ഫോട്ടോകളും വീഡിയോകളും എടുത്ത് തെളിവുകള്‍ ഹാജരാക്കാന്‍ കാമറകള്‍ വാങ്ങാന്‍ തീരുമാനിച്ചത്.
നിലവില്‍ പരിശോധന നടത്തുന്ന സ്ക്വാഡ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളിലാണ് ചിത്രങ്ങള്‍ എടുക്കുന്നതും വീഡിയോ റിക്കാര്‍ഡ് ചെയ്യുന്നതും. പലപ്പോഴും അവ്യക്തമായ ചിത്രങ്ങളാണു ലഭിക്കുന്നത്. മാത്രമല്ല, ഫോണില്‍ എടുത്ത വീഡിയോകള്‍ തെളിവായി ഹാജരാക്കാനും പലപ്പോഴും കഴിയുന്നില്ല.
ചിത്രങ്ങള്‍ എടുത്ത ഫോണുകള്‍ കോടതിയില്‍ ഹാജരാക്കേണ്ടിവരുന്നതും ദീര്‍ഘകാലത്തേക്ക് സൂക്ഷിക്കേണ്ടിവരുന്നതും വ്യക്തിഗത ഡാറ്റയെ ബാധിക്കുമെന്നതിനാൽ ഉദ്യോഗസ്ഥര്‍ സ്വന്തം ഫോണില്‍ ചിത്രങ്ങളും വീഡിയോകളും എടുക്കാന്‍ മടിക്കുന്നു. അതിനാലാണ് ജില്ലകള്‍ക്കായി ഓരോ കാമറകള്‍ വാങ്ങുന്നത്.
കഴിഞ്ഞ ദിവസം കൂടിയ കെഎസ്ഇബിയുടെ മുഴുവന്‍ സമയ ഡയറക്ടര്‍മാരുടെ യോഗത്തില്‍ കാമറ വാങ്ങാനായി 5.6 ലക്ഷം രൂപയുടെ അംഗീകാരം നല്കി.
സര്‍ക്കാര്‍ ഇ മാര്‍ക്കറ്റ് പ്ലേസ് പോര്‍ട്ടല്‍ വഴിയായിരിക്കും കാമറകള്‍ വാങ്ങുക. കാമറകളില്‍ ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജിംഗ്, 30എക്സ് സൂം, ഫുള്‍ എച്ച്ഡി അല്ലെങ്കില്‍ 4 കെ വീഡിയോകള്‍ റിക്കാര്‍ഡ് ചെയ്യാനുള്ള ഓപ്ഷന് എന്നിവ ഉണ്ടായിരിക്കും. അവയില്‍ തീയതി, സമയം, ലൊക്കേഷന്‍, മറ്റു റിക്കാര്‍ഡിംഗ് വിശദാംശങ്ങള്‍, മെമ്മറി കാര്‍ഡുകള്‍, സ്പെയര്‍ ബാറ്ററികള്‍, രണ്ട് വര്‍ഷത്തെ വാറണ്ടി എന്നിവയും ഉണ്ടായിരിക്കും.