പുൽപ്പള്ളി: ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സംസ്ഥാന പൊതുമാരമത്ത് മന്ത്രി പി.കെ. ബഷീറിന് ഉറപ്പ് നൽകിയതോടെ പാലം യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കുടിയേറ്റ മേഖല.
മൂന്ന് പതിറ്റാണ്ട് മുൻപ് കേരള-കർണാടക മുഖ്യമന്ത്രിമാരായ കെ. കരുണാകരനും വീരപ്പ മൊയ്ലിയുടേയും നേതൃത്വത്തിൽ തറക്കല്ലിട്ട പാലം യാഥാർഥ്യമാക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതോടെ പ്രതീക്ഷയിലാണ് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ. രണ്ട് മാസം മുൻപ് പ്രിയങ്ക ഗാന്ധി എംപി ഉൾപ്പെടെയുള്ളവർ ബൈരക്കുപ്പ പാലം നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ചിരുന്നു.
എംപിയുടെ നേതൃത്വത്തിൽ കർണാടക സർക്കാരുമായി ചർച്ച ചെയ്ത് പാലം നിർമാണം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വയനാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ബൈരക്കുപ്പ പാലം യാഥാർഥ്യമാക്കുന്നതിനാവശ്യമായ ശ്രമം നടത്തുമെന്ന് വയനാട്ടിലെ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകിയിരുന്നു.
പെരിക്കല്ലൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് കപ്പുകാലായുടെ നേതൃത്വത്തിൽ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ നേരിൽകണ്ടതിനെ തുടർന്നാണ് എംപി ഉൾപ്പെടെയുള്ളവർ മേഖല സന്ദർശിച്ചത്. പാലം യാഥാർഥ്യമായാൽ കുടിയേറ്റ മേഖലയിൽ വികസനക്കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട്, കണ്ണൂർ കൽപ്പറ്റ, ബത്തേരി, പുൽപ്പള്ളിയടക്കമുള്ള പ്രദേശവാസികൾക്ക് വേഗത്തിൽ മൈസൂരു, ബംഗളൂരുവുമായി ബന്ധപ്പെടുന്നതിനും ഈ മേഖലയുടെ പൊതുവായ വികസനത്തിനും ഈ പാലത്തിന്റെ നിർമാണം അനിവാര്യമാണ്. പാലം എത്രയും പെട്ടെന്ന് നിർമിക്കാൻ രാഷ്ട്രീയ, ഉദ്യോഗസ്ഥ കൂട്ടായ്മയോടൊപ്പം പൊതുജനങ്ങളും ഉണർന്നുപ്രവർത്തിക്കണമെന്ന് കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ സമിതി വൈസ് പ്രസിഡന്റ് ഡോ. സാജു കൊല്ലപ്പിള്ളിൽ ആവശ്യപ്പെട്ടു.