തിരുവനന്തപുരം: സംസ്ഥാന അതിർത്തിയിൽ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമാണത്തിന് കർണാടക സർക്കാരിന്റെ എൻഒസി (നിരാക്ഷേപ പത്രം ) ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി നേരത്തേ നടത്തിയ ചർച്ചയെത്തുടർന്നാണ് ഇന്നലെ അനുമതി പത്രം നൽകിയത്.
വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന അന്തർസംസ്ഥാന പാലം വയനാട് ജില്ലയിലെ പെരിക്കല്ലൂരിനെയും കർണാടകയിലെ കുടക് ജില്ലയിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്നതാണ്. 36 വർഷംമുമ്പ് ഈ പാലത്തിന് തറക്കല്ലിട്ടു. 2002 മാർച്ച് 15നാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്.
അപ്രോച്ച് റോഡ്പൂർത്തിയായി
കേരള ഭാഗത്തെ അപ്രോച്ച് റോഡ് ഇതിനകം പൂർണമായും പൂർത്തിയായി. മൊത്തത്തിലുള്ള പദ്ധതിയുടെ പൂർത്തീകരണം കർണാടകയിലെ അനുബന്ധപാതയുടെ നിർമാണത്തെ ആശ്രയിച്ചാണ്. ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി കർണാടക സർക്കാരിന് നേരത്തേ കത്ത് നൽകിയിരുന്നു.
പുൽപ്പള്ളി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, കോഴിക്കോട് എന്നിവിടങ്ങളെ നേരിട്ട് മൈസൂരുവിലേക്കും ബംഗളൂരുവിലേക്കും ബന്ധിപ്പിക്കുന്ന ഒരു ബദൽ പാതയായി പാലം മാറും.
ഇത് നിലവിൽ എൻഎച്ച് 766 ൽ ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള രാത്രി യാത്രാ നിയന്ത്രണങ്ങൾ മറികടക്കുന്നതിനും ഗതാഗതം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. ബംഗളൂരുവിനും സുൽത്താൻ ബത്തേരിക്കുമിടയിലുള്ള യാത്രാദൂരം 40 കിലോമീറ്റർ കുറയും.