നടൻ ചാന്നാനിക്കാട് അജിതാലയം വീട്ടിൽ സി. രാജശേഖരൻനായർ (74) അന്തരിച്ചു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അന്ത്യം.
ജോഷി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. മലയാളസിനിമയിൽ കൂടുതൽ എസ്ഐ വേഷങ്ങൾ ചെയ്ത നടനായതുകൊണ്ട് എസ്.ഐ. രാജശേഖരൻ എന്നാണ് അറിയപ്പെട്ടിരുന്നത്.
സന്ദർഭത്തിലെ പോലീസ് ഇൻസ്പെക്ടർ, രാജാവിന്റെ മകനിലെ സംസ്ഥാന ആഭ്യന്തരമന്ത്രി എൻ. കൃഷ്ണദാസിന്റെ സഹായി സാബു, വഴിയോരക്കാഴ്ചകളിലെ ഡോക്ടർ, മുദ്രയിലെ ജുവനൈൽ ഹോമിലെ പോലീസ് വേഷം, നായർ സാബിലെ ജെയിംസിന്റെ സഹായി ഉലഹന്നാൻ, സേതുരാമയ്യർ സി.ബി.ഐ.യിലെ കണ്ണൂർ സെൻട്രൽ ജയിലിലെ ജയിലർ രാജു, താപ്പാനയിലെ പോലീസ് ഇൻസ്പെക്ടർ, നമ്പർ 20 മദ്രാസ് മെയിൽ, പാറശ്ശാല പാച്ചു പയ്യന്നൂർ പരമു തുടങ്ങി ഒട്ടനവധി സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2015-ൽ റിലീസ് ചെയ്ത ഒരു സെക്കൻഡ് ക്ലാസ് യാത്രയിലാണ് അവസാനം അഭിനയിച്ചത്.
കോട്ടയം ചിങ്ങവനത്തായിരുന്നു താമസം. ഭാര്യ: അജിതകുമാരി. മക്കൾ: അനുഷാ ദീപു (ദുബായ്), അർച്ചനാ രാജശേഖരൻനായർ (അബുദാബി). മരുമകൻ: എസ്. ദീപു (ദുബായി).
സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ചങ്ങനാശേരി വാഴപ്പള്ളി ചീനച്ചാടത്ത് പരേതരായ കെ. ചന്ദ്രശേഖരൻനായരുടെയും പദ്മാവതിയമ്മയുടെയും മകനാണ്.