Kerala
ചങ്ങനാശേരി: നൂറുകണക്കിനു പ്രതിഭകളെ ഉന്നതസ്ഥാനീയരാക്കി മാറ്റിയ സെന്റ് ബെർക്കമാൻസ് കോളജ് രാജ്യത്തിനും സമൂഹത്തിനും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ.
ചങ്ങനാശേരി എസ്ബി കോളജിന്റെ ശതാബ്ദി ആഘോഷ സമാപനവും ശതാബ്ദി സ്മാരകമായി കോളജിൽ സ്ഥാപിതമാകുന്ന ഡോ.കെ.എം. ഏബ്രഹാം സെന്റർ ഫോർ എനർജി ആൻഡ് എൺവയൺമെന്റിന്റെയും ബർക്കുമാൻസ് സെന്റര് ഫോർ എമർജിംഗ് ടെക്നോളജീസിന്റെയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
നൂറു വർഷം മുന്പ് 1922ൽ പരിമിതികളുടെ കാലത്തു തുടക്കമിട്ട ഈ വിദ്യാഭ്യാസ സ്ഥാപനം തലമുറകൾക്കു വെളിച്ചം പകർന്ന് ഇന്നു സ്വയം ഭരണാധികാരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമായി വളർന്നതിൽ ഈ കലാലയത്തിനു ദിശാബോധം നൽകിയവർക്കൊപ്പം രാജ്യവും സമൂഹവും അഭിമാനിക്കുകയാണെന്ന് കോളജിലെ കാവുകാട്ട് ഹാളിൽ നടന്ന വിപുലമായ സമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
താൻ ഉപരാഷ്ട്രപതി ആയതിനുശേഷം മൂന്നാം തവണയാണ് കേരളത്തിലേക്കു വരുന്നത്. മൂന്നു തവണ വന്നതും വിദ്യാഭ്യാസ സംബന്ധിയായ പരിപാടികളിൽ പങ്കെടുക്കാനാണ്. വിദ്യാഭ്യാസമാണ് തലമുറകളെ ശക്തിപ്പെടുത്തുന്നതും രാജ്യത്തെ മുന്നോട്ടു ചലിപ്പിക്കുന്നതും. ഇക്കാര്യത്തിൽ ഈ മഹത്തായ കലാലയത്തിന്റെ സംഭാവനകളെ രാജ്യം വിലമതിക്കുകയാണ്. ശാസ്ത്രജ്ഞർ, ഭരണാധികാരികൾ, കലാകാരന്മാർ, രാഷ്ട്രീയ നേതാക്കൾ, കായികതാരങ്ങൾ തുടങ്ങി നൂറുകണക്കിനു പ്രതിഭക ളെ സമൂഹത്തിനു നൽകാൻ സെന്റ് ബെർക്കുമാൻസ് കോളജിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹത്തായ നൂറു വർഷങ്ങൾ പിന്നിടുമ്പോൾ മികവിന്റെ മറ്റൊരു നൂറ്റാണ്ട് സൃഷ്ടിക്കാനുള്ള ദൗത്യത്തിൽ ഈ കലാലയത്തിനൊപ്പം നമ്മൾ ഏവരും കൈകോർക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ശതാബ്ദിയാഘോഷ സമാപനത്തിന്റെയും ഗവേഷണകേന്ദ്രങ്ങളുടെയും ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. കോളജ് കാമ്പസിൽ നടാനുള്ള മാവിൻതൈക്ക് അദ്ദേഹം ജലം പകർന്നു. ചടങ്ങിന് ചങ്ങനാശേരി ആർച്ച്ബിഷപ്പും എസ്ബി കോളജ് രക്ഷാധികാരിയുമായ മാർ തോമസ് തറയിൽ സ്വാഗതം ആശംസിച്ചു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാന സഹകരണമന്ത്രി വി.എൻ. വാസവൻ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ പ്രസംഗിച്ചു. ചങ്ങനാശേരി അതിരൂപത മുഖ്യ വികാരി ജനറാളും കോളജ് മാനേജരുമായ ഫാ. ആന്റണി എത്തയ്ക്കാട്ട്, ജോബ് മൈക്കിൾ എംഎൽഎ, കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ടെഡി കാഞ്ഞൂപ്പറന്പിൽ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് അടക്കമുള്ള ജനപ്രതിനിധികൾ, വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്ന കോളജിലെ പൂർവവിദ്യാർഥികൾ, രാഷ്ട്രീയ നേതാക്കൾ, വൈദികർ, സന്യസ്തർ, കോളജിന്റെ അഭ്യുദയകാംക്ഷികൾ, വിദ്യാർഥികൾ എന്നിവർ ചടങ്ങിനു സാക്ഷ്യം വഹിച്ചു.
Kerala
തൃശൂർ: ചേതന ഗാനാശ്രമം ശിലാസ്ഥാപനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ മാർച്ച് ഒന്നിനു രാവിലെ 10നു ദേവമാതാ സ്കൂളിൽ നിർവഹിക്കും.
ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ്ഗോപി, മന്ത്രി അഡ്വ. കെ. രാജൻ, മേയർ ഡോ. നിജി ജസ്റ്റിൻ, ഡോ.കെ.ജെ. യേശുദാസ് (ഓണ്ലൈനിൽ), ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ദേവമാതാ പ്രൊവിൻഷ്യൽ റവ.ഡോ. ജോസ് നന്തിക്കര, സ്വാമി നന്ദാത്മജാനന്ദ, ഓണന്പിള്ളി മുഹമ്മദ് ഫൈസി, ഫാ. തോമസ് വാഴക്കാല, റവ.ഡോ. പോൾ പൂവത്തിങ്കൽ, ഫാ. ജിന്റോ ചിറയത്ത് എന്നിവർ പങ്കെടുക്കും.
50 ഗായകർ പങ്കെടുക്കുന്ന സ്വാഗതഗാനം ഉണ്ടായിരിക്കും. ഗാനാശ്രമം അഭ്യുദയകാംക്ഷികളായ പി.എൻ.സി. മേനോൻ, നസീർ വെളിയിൽ, ടി.എസ്. പട്ടാഭിരാമൻ, ഡോ.വി.എ. ജോസഫ്, ജോസ് ആലുക്ക, ജോ ജോസഫ്, റോബിൻസൻ മൈക്കിൾ എന്നിവർക്ക് ഉപരാഷ്ട്രപതി ഉപഹാരം നൽകും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. വിവിഐപികൾക്കു മാത്രമാണ് സ്കൂൾ കോന്പൗണ്ടിൽ പാർക്കിംഗ് സൗകര്യം. മറ്റുള്ളവരുടെ വാഹനങ്ങൾ ഗിരിജ തിയറ്ററിനു സമീപവും ബിഎസ്എൻഎൽ, കേരള ബാങ്ക് പരിസരത്തും പാർക്ക് ചെയ്യണമെന്നു റവ.ഡോ. പോൾ പൂവത്തിങ്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഭാരവാഹികളായ സി.എ. സലിം, ഫാ. തോമസ് വാഴക്കാല, സോളി തോമസ്, രമേഷ് കുറുപ്പത്ത് എന്നിവരും പങ്കെടുത്തു.
NRI
ന്യൂയോർക്ക്: ഇന്ത്യയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനുമായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
രാജ്യത്തെയും അമേരിക്കയിലെയും രാഷ്ട്രീയവും സാമൂഹ്യവുമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും അഭിപ്രയങ്ങൾ പങ്കുവയ്ക്കുകയും ചയ്തു. ചർച്ച 25 മിനിറ്റോളം നീണ്ടു നിന്നു.
സി.പി. രാധാകൃഷ്ണനെ ഫൊക്കാനയുടെ ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ കലഹരി റിസോർട്ടിൽ നടക്കുന്ന കൺവൻഷനിലേക്കു ക്ഷണിക്കുകയും ആ ക്ഷണം അദ്ദേഹം സ്വീകരിക്കയും ചെയ്തു.
National
ന്യൂഡൽഹി: ക്രൈസ്തവമൂല്യങ്ങളും പഠനങ്ങളും മാനവസമൂഹത്തിനാകെ പ്രചോദനമാണെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. സാമൂഹിക, സാംസ്കാരിക, വികസന, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലും ജീവകാരുണ്യ രംഗത്തും ക്രൈസ്തവസമൂഹം നൽകിവരുന്ന സേവനങ്ങൾ രാജ്യത്തിന്റെ വളർച്ചയ്ക്കു സഹായകമായെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഇന്നലെ ഡൽഹിയിലെ ആസ്ഥാനത്തു സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നൽകുകയായിരുന്നു ഉപരാഷ്ട്രപതി.
പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് വിശിഷ്ടാതിഥിയായിരുന്നു. സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഇന്ത്യയിലെ വത്തിക്കാൻ നുണ്ഷ്യോ ആർച്ച്ബിഷപ് ലെയോപോൾദോ ജിറേല്ലി, സിബിസിഐ വൈസ് പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. ജോർജ് അന്തോണിസാമി, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ.ഡോ. മാത്യു കോയിക്കൽ എന്നിവർ പ്രസംഗിച്ചു.
സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഡോ. ആന്റണി പൂള, സീറോമലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ, എംപിമാരായ ശശി തരൂർ, ജോസ് കെ. മാണി, ജോണ് ബ്രിട്ടാസ്, മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, അൽഫോൻസ് കണ്ണന്താനം, പ്രഫ. കെ.വി. തോമസ്, റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ്, വിദേശകാര്യ സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ്, അംബാസഡർമാർ, കേന്ദ്ര റവന്യു ഡയറക്ടർ മനു വെട്ടിക്കൽ, ഷോണ് ജോർജ്, നോബിൾ മാത്യു, വർഗീസ് മൂലൻ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.