ന്യൂഡൽഹി: കേന്ദ്രസർക്കാർ 2019ൽ പാസാക്കിയ പൗരത്വ ഭേദഗതി നിയമം (സിഎഎ) ചോദ്യംചെയ്തുള്ള വിവിധ ഹർജികളിൽ മേയ് അഞ്ചുമുതൽ സുപ്രീംകോടതി വാദം കേൾക്കും.
2024 മാർച്ച് 19നാണ് ഹർജികൾ അവസാനമായി സുപ്രീംകോടതിക്കുമുന്നിലെത്തിയത്. നിയമത്തിലെ 6(എ) വകുപ്പ് പ്രകാരം ചില പ്രശ്ങ്ങൾ ഉയരുന്നതിനാൽ കേസുമായി ബന്ധപ്പെട്ട് ആസാം, ത്രിപുര ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഹർജികൾ പ്രത്യേകം പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ജി, വിപുല എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക. മേയ് അഞ്ചിനും ആറിനും ദിവസത്തിന്റെ ആദ്യപകുതി ഹർജിക്കാരുടെ വാദവും, ആറിനും ഏഴിനും ഉച്ചകഴിഞ്ഞ് കേന്ദ്രസർക്കാരിന്റെ ഭാഗവും കോടതി പരിഗണിക്കും. എതിർ സത്യവാങ്മൂലവുമായി ബന്ധപ്പെട്ട വാദം മേയ് 12ന് കേൾക്കുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇന്നലെ അറിയിച്ചു.
സിഎഎയ്ക്കെതിരേ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ, കേരള സർക്കാർ, അസദുദ്ദീൻ ഒവൈസി, ആസാം സ്റ്റുഡന്റ്സ് യൂണിയൻ തുടങ്ങിയവരടക്കം സമർപ്പിച്ച 236 ഹർജികളാണ് രണ്ടു വർഷത്തിനുശേഷം സുപ്രീംകോടതിക്കു മുന്നിൽ വീണ്ടുമെത്തുന്നത്.
2024 മാർച്ചിൽ ഹർജി അവസാനമായി പരിഗണിക്കുന്പോൾ നിയമം വിജ്ഞാപനം ചെയ്ത നടപടിക്ക് ഇടക്കാല സ്റ്റേ നൽകില്ലെന്നു അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ, സിഎഎ ആരുടെയും പൗരത്വം ഇല്ലാതാക്കുന്നില്ലെന്നും സിഎഎയ്ക്ക് ദേശീയ പൗരത്വ രജിസ്റ്ററുമായി (എൻആർസി) ബന്ധമില്ലെന്നും കേന്ദ്രം അന്നു കോടതിയിൽ ചൂണ്ടിക്കാട്ടി.
നാല് വർഷത്തിനുശേഷമാണ് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയതെന്നും സ്റ്റേ ആവശ്യത്തിൽ തീരുമാനമെടുക്കുന്നതുവരെ സിഎഎയുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകരുതെന്നും ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല.