തിരുവനന്തപുരം: 2022- 23 വർഷക്കാലയളവിൽ സംസ്ഥാനത്തെ വാഹനാപകടങ്ങളിലെ 78 ശതമാനത്തിലധികം ഉണ്ടായത് ഡ്രൈവർമാരുടെ പിഴവു കാരണമാണെന്നും ഇതിന് ലൈസൻസ് നൽകുന്ന മോട്ടോർ വാഹന വകുപ്പ് ഉത്തരവാദിയാണെന്നും 2024 ലെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി ആൻഡ് എജി) റിപ്പോർട്ട് .
ഡ്രൈവറുടെ പിഴവു മൂലം 27,216 അപകടങ്ങൾ ഉണ്ടായി. ഇതിൽ 2,441 പേർ മരിച്ചു. 21,546 പേർക്കു ഗുരുതര പരിക്കുപറ്റി. മറ്റു വാഹനത്തിന്റെ ഡ്രൈവറുടെ പിഴവു മൂലം 8,418 അപകടങ്ങൾ ഉണ്ടായി. ഇതിൽ 612 പേർ മരിച്ചു . ഇതുമായി താരതമ്യം ചെയ്യുന്പോൾ മദ്യപിച്ചു വാഹനം ഓടിച്ചുള്ള അപകടങ്ങൾ കുറവാണ്. 34 പേരാണ് ഇങ്ങനെ മരിച്ചത്.
ഡ്രൈവർമാരുടെ പിഴവിന് കാരണം അവരുടെ ഗുണനിലവാരം കുറയുന്നതാണെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവിംഗ് ടെസ്റ്റിൽ വേണ്ടത്ര ഗുണനിലവാരം ഉറപ്പുവരുത്താൻ ആയിട്ടില്ല. ഡ്രൈവിംഗ് ടെസ്റ്റിന്റെ കാർക്കശ്യം നിലനിർത്താൻ കൊണ്ടുവന്ന കേന്ദ്ര പദ്ധതികൾ പലതും നടപ്പാക്കിയിട്ടില്ല. ഓട്ടോമാറ്റിക് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കിനു കോടികൾ ചെലവാക്കിയെങ്കിലും 86 എണ്ണം സ്ഥാപിച്ചതിൽ ഒൻപത് എഡിടിടികൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ .
തളിപ്പറന്പ്, കാസർഗോഡ്, തൃശൂർ എന്നിവിടങ്ങളിൽ മൂന്നു കോടിക്കു മുകളിൽ ചെലവഴിച്ചെങ്കിലും ഒരു പ്രവർത്തനവും നടക്കുന്നില്ല. 77 ആർടിഒകളിൽ ഈ സംവിധാനം നടപ്പാക്കാത്തതു മൂലം മാനുവൽ ടെസ്റ്റിംഗ് സംവിധാനം ഇപ്പോഴും തുടരേണ്ടി വരുന്നു. ഇതാണ് ഗുണനിലവാരക്കുറവിന് ഒരു കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ പാർക്ക് ട്രാക്ക് സ്ഥാപിക്കുന്നതിലും ടെസ്റ്റിനുള്ള വാഹനങ്ങളുടെ പഴക്കം, പുക പരിശോധന എന്നിവ ഉറപ്പാക്കുന്നതിലും വീഴ്ച ഉണ്ടായിട്ടുണ്ട്. രജിസ്ട്രേഷൻ കഴിഞ്ഞ വാഹനത്തിലാണ് തൃശൂർ, ഗുരുവായൂർ, വയനാട് എന്നിവിടങ്ങളിൽ ടെസ്റ്റ് നടത്തിയത്.
ഫിറ്റ്നസ് പരിശോധന മാനുവലായി നടത്തുന്നതിന്റെ ന്യൂനതകളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത ഡ്രൈവിംഗ് സ്കൂൾ ഏജൻസി പ്രശ്നങ്ങളും ഗുണനിലവാരം കുറയ്ക്കുന്നതിന് കാരണമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.