ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ തീയതി പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ് പരീക്ഷകൾ 2027 ഫെബ്രുവരി 16ന് ആരംഭിച്ച് മാർച്ച് ഒമ്പതിന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 16ന് ആരംഭിച്ച് ഏപ്രിൽ ഒമ്പതിന് പൂർത്തിയാകും. നേരത്തെ പ്രാക്ടിക്കൽ പരീക്ഷകളുടെയും തീയതികൾ ബോർഡ് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലും വിദേശത്തുമുള്ള അഫിലിയേറ്റഡ് സ്കൂളുകളിൽ പത്താം, പന്ത്രണ്ടാം ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകളും ഇന്റേണൽ അസസ്മെന്റും 2027 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 13 വരെ നടത്തും. അതേസമയം ശൈത്യകാല മേഖലയിലെ സ്കൂളുകളിലെ പ്രാക്ടിക്കൽ പരീക്ഷകൾ വരുന്ന ഒമ്പതു മുതൽ ഡിസംബർ 19 വരെ നടക്കും.
പരീക്ഷകൾക്ക് നൂറു ദിവസങ്ങൾക്ക് മുൻപ് തന്നെ ടൈംടേബിൾ പ്രസിദ്ധീകരിച്ചത് വിദ്യാർഥികൾക്കും അധ്യാപകർക്കും കൃത്യമായ പഠന ആസൂത്രണത്തിന് സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. പരീക്ഷ സംബന്ധിച്ച വിശദമായ വിവരങ്ങളും തീയതികളും സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.inൽ ലഭ്യമാണ്.