മാള(തൃശൂർ): ഹോളി ഗ്രേസ് അക്കാദമിയിൽ നടന്നുവരുന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിന്റെ ഒന്നാംദിനം 52 ഇനങ്ങളിൽ 32 എണ്ണം പൂർത്തിയാകുന്പോൾ 255 പോയിന്റുമായി മലബാർ സഹോദയ മുന്നിൽ. 243 പോയിന്റുമായി കണ്ണൂർ സഹോദയ രണ്ടാംസ്ഥാനത്തും 241 പോയിന്റുമായി തൃശൂർ സെൻട്രൽ സഹോദയ മൂന്നാം സ്ഥാനത്തുമുണ്ട്.
സ്കൂളുകളിൽ മലബാർ സഹോദയയിലെ ദേവഗിരി സിഎംഐ പബ്ലിക് സ്കൂൾ, കൊച്ചി സഹോദയയിലെ ഭവൻസ് ആദർശ് വിദ്യാലയ എന്നിവർ 32 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനത്താണ്. 30 പോയിന്റ് നേടി മലബാർ സഹോദയയിലെ സിൽവർ ഹിൽസ് പബ്ലിക് സ്കൂൾ തൊട്ടുപിന്നിലുണ്ട്. തൃശൂർ സെൻട്രൽ സഹോദയയിലെ ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ 28 പോയിന്റുമായി മൂന്നാമതാണ്.
കേരളത്തിലെ 14 ജില്ലകളിൽ നിന്നായി 31 സഹോദയകളാണ് സംസ്ഥാന കലോത്സവവേദിയിൽ കലാകിരീടത്തിനായി മാറ്റുരയ്ക്കുന്നത്. ഇന്ന് ഹോളി ഗ്രേസ് കാന്പസിലെ 32 വേദികളിലായി 43 ഇനങ്ങളിൽ മത്സരം അരങ്ങേറും.
മുത്തശ്ശി ചൊല്ലിപ്പഠിപ്പിച്ചു; അമ്മ ഈണമിട്ടു; കേശവ് ഒന്നാമത്
മാള: മുത്തശ്ശി ചൊല്ലിപ്പഠിപ്പിച്ച വരികൾക്ക് അമ്മ ഈണമിട്ടപ്പോൾ പിറന്നത് സംസ്ഥാന സഹോദയ കലോത്സവത്തിലെ മിന്നുംവിജയം. മാള ഹോളി ഗ്രേസ് അക്കാദമിയിൽ നടക്കുന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ കാറ്റഗറി രണ്ട് മലയാളം കവിതാപാരായണത്തിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയിരിക്കുകയാണ് കേശവ് എസ്. മേനോൻ. മാള ഹോളി ഗ്രേസ് അക്കാദമിയിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്.
കവയിത്രി സുഗതകുമാരിയുടെ ഗജേന്ദ്രമോക്ഷം എന്ന കവിതയാണു കേശവ് അവതരിപ്പിച്ചത്. കവിതയുടെ വരികൾ പഠിപ്പിച്ചത് മുത്തശ്ശി മീരയാണ്. ഈണം പകർന്നത് ചെറുപ്പത്തിൽ സംഗീതരംഗത്തു സജീവമായിരുന്ന അമ്മ അനുവും. മുത്തശ്ശിയുടെയും അമ്മയുടെയും സ്നേഹവും പിന്തുണയും ചേർന്നൊരുക്കിയ അവതരണമാണു കേശവിനു വിജയത്തിളക്കമായത്.
കവിതാപാരായണത്തിനുപുറമെ ശാസ്ത്രീയസംഗീതം, ലളിതഗാനം ഇനങ്ങളിലും കേശവ് മത്സരിക്കുന്നുണ്ട്. പാറക്കടവ് നക്ഷത്രവീട്ടിൽ സൂരജ്-അനു ദന്പതികളുടെ മകനാണ്.
2006ൽ തൃശൂർ സെൻട്രൽ സഹോദയ കലോത്സവത്തിൽ കാറ്റഗറി രണ്ടിൽ കലാപ്രതിഭാപട്ടം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാന കലോത്സവത്തിൽ ലളിതഗാനത്തിലും മലയാളം കവിതാപാരായണത്തിലും എ ഗ്രേഡും കരസ്ഥമാക്കിയിരുന്നു.
വേദിയിൽ ഇന്ന് 43 ഇനങ്ങൾ
മാള: സംസ്ഥാന സഹോദയ കലോത്സവത്തിന്റെ രണ്ടാംദിനമായ ഇന്നു നൃത്തം, സംഗീതം, സാഹിത്യം, ചിത്രകല, അഭിനയകല തുടങ്ങി വിവിധ വിഭാഗങ്ങളിലായി 43 ഇനങ്ങളിൽ മത്സരങ്ങൾ അരങ്ങേറും.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടിനൃത്തം, സംഘനൃത്തം, കർണാട്ടിക് സംഗീതം, പാശ്ചാത്യസംഗീതം, ലളിതഗാനം, വയലിൻ, പുല്ലാങ്കുഴൽ, ഗിറ്റാർ, പദ്യപാരായണം, പ്രസംഗം, നിമിഷപ്രസംഗം, മോണോആക്ട്, മിമിക്രി, മൈം, ഏകാങ്കനാടകം, ഡിജിറ്റൽ പെയിന്റിംഗ്, പോസ്റ്റർ ഡിസൈനിംഗ്, ജലച്ചായം, പവർപോയിന്റ് പ്രസന്റേഷൻ തുടങ്ങിയവയാണ് ഇന്നു നടക്കുക. രാവിലെ 8.30ന് മത്സരങ്ങൾ ആരംഭിക്കും.
എഫാത്ത ഓഡിറ്റോറിയം, സിൽവർ ജൂബിലി ബ്ലോക്ക്, എംബിഎ ഹാൾ, സെമിനാർ ഹാൾ, വിവിധ ഗ്രൗണ്ട് സ്റ്റേജുകൾ തുടങ്ങി കാന്പസിലെ വിവിധ വേദികളിലായാണു മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
അപ്പീലിലൂടെ എത്തിയത് 53 പേർ സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ അപ്പീലിലൂടെ പങ്കെടുക്കാൻ എത്തിയത് 53 പേർ. ഇതിൽ 20 പേർ ഇന്നലെ നടന്ന വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തു. ശേഷിക്കുന്നവരുടെ ഇനങ്ങൾ ഇന്നും നാളെയുമായി നടക്കും. കൂടുതൽ അപ്പീലുകൾ എത്തിയത് ഭരതനാട്യത്തിലാണ്. വിവിധ കാറ്റഗറികളിലായി 15 പേർ. 21 പേർ കാറ്റഗറി മൂന്നിൽ അപ്പീലിലൂടെ എത്തിയപ്പോൾ കാറ്റഗറി രണ്ടിൽ 12 പേരാണ് എത്തിയത്. കാറ്റഗറി നാലിൽ എട്ടുപേർ അപ്പീലുമായി എത്തിയപ്പോൾ പൊതുവിഭാഗത്തിൽ അപ്പീലിലൂടെ ഒന്പതു മത്സരാർത്ഥികളുമെത്തി. അപ്പീലിലൂടെ കൂടുതൽ മത്സരാർഥികൾ എത്തിയത് ചിലയിനങ്ങളുടെ നടത്തിപ്പിനെ സാരമായി ബാധിച്ചു.