മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലുള്ള ജാംനർ താലൂക്കിലെ വാക്കോദിൽ നടന്ന നടുക്കുന്ന ഒരപകടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
ജൽഗാവ് - ഛത്രപതി സംഭാജി നഗർ പാതയിലൂടെ പുണെയിലേക്ക് അമിതവേഗത്തിൽ പാഞ്ഞുപോയ ഒരു സ്വകാര്യ ബസ് റോഡരികിൽ നിശ്ചലമായി നിൽക്കുകയായിരുന്ന കാളവണ്ടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ വഴി നൽകാനായി കാളവണ്ടി നിർത്തിയിട്ടിരുന്ന ഉടമയ്ക്ക് പിന്നിൽ നിന്നും പാഞ്ഞുവന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാളവണ്ടി നിമിഷനേരം കൊണ്ട് തകർന്ന് തരിപ്പണമായി.
അപകടം നടന്നയുടൻ കാളവണ്ടി ഉടമ റോഡിലേക്ക് തെറിച്ചുവീണത് ദൃക്സാക്ഷികളെയും വീഡിയോ കാണുന്നവരെയും ഒരുപോലെ ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു.
എന്നാൽ അക്ഷരാർഥത്തിൽ ഒരു അത്ഭുതം പോലെ, നിസാര പരിക്കുകളോടെ അദ്ദേഹം എഴുന്നേറ്റ് നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. മരണത്തെ മുഖാമുഖം കണ്ട ആ നിമിഷങ്ങളിൽ നിന്ന് അദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കാളവണ്ടിക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ജീവഹാനി ഒഴിവായത് വലിയ ആശ്വാസമായി. ഈ ദാരുണമായ സംഭവം വാക്കോദിലെ ഗ്രാമവാസികളെ കടുത്ത പ്രതിഷേധത്തിലേക്ക് നയിച്ചു.
ഈ മേഖലയിൽ മുൻപും സമാനമായ രീതിയിൽ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുള്ളത് ജനങ്ങൾക്കിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്. അപകടത്തിന് പിന്നാലെ സംഘടിച്ച ഗ്രാമവാസികൾ ഹൈവേ ഉപരോധിക്കുകയും ഗതാഗതം തടയുകയും ചെയ്തു.
വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ആവശ്യമായ സ്പീഡ് ബ്രേക്കറുകളും മറ്റ് സുരക്ഷാ സംവിധാനങ്ങളും അടിയന്തരമായി സ്ഥാപിക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം.
നിരന്തരമായി അപകടങ്ങൾ നടന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച്ചയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാർ രേഖപ്പെടുത്തിയത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ റോഡുകളിലെ സുരക്ഷാ നിയമങ്ങളുടെ ലംഘനത്തെക്കുറിച്ചും അമിതവേഗതയെക്കുറിച്ചും ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.