കൊച്ചി: ഇഡിയുടെ പേരിൽ വ്യാജരേഖയുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച കേസിൽ പിടിയിലായ രാജേന്ദ്രൻ വെള്ളപ്പാലത്തുമായി സാമ്പത്തിക ഇടപാട് നടത്തിയ പൊലിസ് ഉദ്യോഗസ്ഥനു സസ്പെൻഷൻ. പാലാരിവട്ടം സിഐ പി.എസ്. മഞ്ജിത്ത് ലാലിനെയാണു സിറ്റി പൊലിസ് കമ്മിഷണർ ആർ. നിശാന്തിനി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു രാജേന്ദ്രനെ സഹായിച്ചതിനും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയതിനുമാണ് സസ്പെൻഷൻ. റൂറൽ എസ്പി കെ.എസ്. സുദർശന്റെ സ്പെഷ്യൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
തൃശൂരിലുള്ള ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് സിഇഒയുടെ പരാതിയിലാണ് അങ്കമാലി പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഇഡിയുടെ പേരിൽ വ്യാജ കത്തയച്ച് കമ്പനിയിൽനിന്നു വിവരങ്ങൾ ശേഖരിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നതായിരുന്നു പരാതി.